വിവാദമാക്കേണ്ട കാര്യമില്ല! ‘എച്ച്ഡി കുമാരസ്വാമിയുടെ മകന്റെ വിവാഹം ലളിതമായിരുന്നു: ക്ലീന്‍ചിറ്റ് നല്‍കി കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരു: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നടന്ന എച്ച്ഡി കുമാരസ്വാമിയുടെ മകന്റെ വിവാഹത്തിന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ക്ലീന്‍ചിറ്റ്.

കഴിഞ്ഞദിവസം നടന്ന കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയുടെ വിവാഹം വിവാദമായിരുന്നു. വിവാഹചടങ്ങില്‍ നൂറിലേറെ പേര്‍ പങ്കെടുത്തതും സാമൂഹ്യഅകലം പാലിക്കാതിരുന്നതും വാര്‍ത്തയായിരുന്നു.

കോണ്‍ഗ്രസ് നേതാവ് എം കൃഷ്ണപ്പയുടെ അനന്തരവളായ രേവതിയെയാണ്
നിഖിലിന്റെ വധു. പുറത്തു നിന്നും ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കുമാരസ്വാമി പറഞ്ഞ വിവാഹ ചടങ്ങില്‍ 100ലേറെ പേര്‍ പങ്കെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമ്പര്‍ക്ക വിലക്കുകള്‍ക്കിടെ നടത്തിയ വിവാഹത്തിനെത്തിയവര്‍ ആരും കോവിഡിനെതിരായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നില്ലെന്നും ചടങ്ങിന്റെ ചിത്രങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.

ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബിഎസ് യെദ്യൂരപ്പ വിവാഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. വിവാദം അനാവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവാഹം വളരെ ചുരുങ്ങിയ നിലയിലാണ് നടത്തിയതെന്നും ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

‘എച്ച്ഡി കുമാരസ്വാമിയുടെ മകന്റെ വിവാഹം ലളിതമായ രീതിയില്‍ ആണ് നടത്തിയത്. ആ വിഷയം ഇനി ചര്‍ച്ച ചെയ്യേണ്ടതില്ല. അദ്ദേഹത്തിന്റേത് വളരെ വലിയ കുടുംബം ആയിരുന്നിട്ട് കൂടെ കല്യാണം പരിമിതമായ രീതിയിലാണ് നടത്തിയത്. അത് കൊണ്ട് തന്നെ എന്റെ എല്ലാ ആശംസകളും അറിയിക്കുന്നു.’ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു.

അതേസമയം, ആരായാലും നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും ലോക്ഡൗണ്‍ നടപടിക്രമങ്ങള്‍ തെറ്റിച്ചിട്ടാണ് വിവാഹം നടന്നതെങ്കില്‍ നടപടിയെടുക്കുമെന്നും കര്‍ണ്ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണ്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

Exit mobile version