‘ഓരോ ഭാഷയും ഫെഡറല്‍ ഘടനയുടെ ഭാഗം’ പ്രതികരണവുമായി എച്ച് ഡി കുമാരസ്വാമി

ബംഗളൂരു: രാജ്യത്തെ ഓരോ ഭാഷയും ഫെഡറല്‍ ഘടനയുടെ ഭാഗമാണെന്ന് ജെഡിഎസ് നേതാവ് എച്ച്ഡി കുമാര സ്വാമി. ഹിന്ദി അറിയില്ലെങ്കില്‍ പുറത്തുപോകാന്‍ പറഞ്ഞ ആയുഷ് സെക്രട്ടറിയുടെ നടപടിയിലാണ് കുമാര സ്വാമിയുടെ പ്രതികരണം. തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ ഡോക്ടര്‍മാരോടായിരുന്നു സെക്രട്ടറിയുടെ പ്രതികരണം.

ഓരോ ഭാഷയും ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായിക്കാണുന്ന ഒരു രാജ്യത്ത് ഹിന്ദി സംസാരിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് പരിശീലന പരിപാടിയില്‍ നിന്ന് പുറത്തുപോകാന്‍ പറയുന്നത് ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനവും ഭരണഘടനാ വിരുദ്ധവും അല്ലേയെന്നും കുമാരസ്വാമി ചോദിക്കുന്നു.

ഹിന്ദി അറിയില്ല എന്നതിന്റെ പേരില്‍ മറ്റു ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ ഇനിയും ഇന്ത്യയില്‍ എന്തുമാത്രം ത്യാഗം സഹിക്കേണ്ടി വരുമെന്നും കുമാരസ്വാമി തുറന്നടിച്ചു. ഹിന്ദി മേധാവിത്വത്തിന് വേണ്ടി ഇത്തരത്തില്‍ നിര്‍ബന്ധം പിടിക്കുന്ന ആയുഷ് സെക്രട്ടറിക്കെതിരെ ഉടന്‍ നടപടി സ്വീകരിച്ച് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആയുഷ് മന്ത്രാലയത്തിന്റെ വെര്‍ച്വല്‍ ട്രെയിനിംഗിനിടെ ഹിന്ദി അറിയാത്ത ഡോക്ടര്‍മാരോട് ഇറങ്ങിപ്പോയിക്കോളാന്‍ ആവശ്യപ്പെട്ട സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ചയുടെ നടപടി ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരിക്കിയിരുന്നു.

Exit mobile version