രാജ്യത്ത് എന്തും സംഭവിക്കാവുന്ന അവസ്ഥ: രാമക്ഷേത്ര നിര്‍മ്മാണത്തിന് പണം നല്‍കാത്തവരുടെ വീട് പ്രത്യേകമായി അടയാളപ്പെടുത്തുന്നു; നാസികള്‍ ചെയ്തതിന് തുല്ല്യമെന്ന് കുമാരസ്വാമി

ബംഗളൂരു: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ ഫണ്ടിലേക്ക് പണം നല്‍കാത്തവരുടെ വീട് പ്രത്യേക രീതിയില്‍ അടയാളപ്പെടുത്തുന്നെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി.

ഹിറ്റ്‌ലറുടെ കാലത്ത് നാസികള്‍ ജര്‍മ്മനിയില്‍ ചെയ്തതിന് തുല്യമാണെന്ന് കുമാരസ്വാമി ആരോപിച്ചു. നാസികളുടെ സമയത്ത് ജര്‍മ്മനിയിലാണ് ആര്‍എസ്എസ് ജനിച്ചതെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.

‘അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി സംഭാവനകള്‍ നല്‍കുന്നവരുടെയും ഇല്ലാത്തവരുടെയും വീടുകള്‍ ആര്‍എസ്എസ് പ്രത്യേകം അടയാളപ്പെടുത്തുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ഹിറ്റ്ലറിന്റെ ഭരണകാലത്ത് നാസികള്‍ ജര്‍മനിയില്‍ ചെയ്തതിന് സമാനമാണ് ഈ നടപടി,” കുമാരസ്വാമി ട്വീറ്റ് ചെയ്തു.

‘ആര്‍എസ്എസ് നാസികളുടേതുപോലെ നടപടികള്‍ ഇന്ത്യയില്‍ നടപ്പാക്കിയാല്‍ എന്തുണ്ടാകും എന്ന് ആശങ്കയുണ്ട്. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ തകര്‍ന്നു, എന്തും സംഭവിക്കാവുന്ന നിലയാണ് രാജ്യത്ത്.’ കുമാരസ്വാമി ആരോപിച്ചു.

ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാനാകാത്തവിധം അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്തെന്നും കുമാരസ്വാമി ട്വീറ്റ് ചെയ്തു. മാദ്ധ്യമങ്ങള്‍ സര്‍ക്കാരിന്റെ നയം ഉയര്‍ത്തിപ്പിടിച്ചാല്‍ രാജ്യത്ത് എന്തുണ്ടാകുമെന്ന് കുമാരസ്വാമി ചോദിച്ചു.

എന്നാല്‍ കുമാരസ്വാമിയുടെ ആരോപണങ്ങള്‍ക്ക് ആര്‍എസ്എസ് മറുപടി നല്‍കിയില്ല. കുമാരസ്വാമി മറുപടി അര്‍ഹിക്കുന്നില്ലെന്ന് സംസ്ഥാന ആര്‍എസ്എസ് വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്താകെ ജനുവരി 16ന് ആരംഭിച്ച രാമക്ഷേത്ര നിര്‍മ്മാണ ഫണ്ട് സമാഹരണം ഇരുപത് ദിവസം കൊണ്ട് 600 കോടി സ്വരൂപിച്ചു.

Exit mobile version