ലോക്ക് ഡൗണ്‍ ലംഘിച്ച് ചത്ത ജെല്ലിക്കെട്ട് കാളയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ഒത്തുകൂടിയത് ആയിരക്കണക്കിന് ആളുകള്‍; 3000 പേര്‍ക്കെതിരെ കേസ്

ചെന്നൈ: ലോക്ക് ഡൗണ്‍ ലംഘിച്ച് ചത്ത ജെല്ലിക്കെട്ട് കാളയ്ക്ക് അന്ത്യയാത്ര അയക്കാന്‍ ഒത്തുകൂടിയത് ആയിരങ്ങള്‍. മധുരയ്ക്ക് അടുത്ത് അളങ്കാനല്ലൂരിലാണ് സംഭവം. സംഭവത്തെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് 3000 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

കൊറോണ വ്യാപനം തടയുന്നതിനും ജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കൊറോണ റെഡ് സോണ്‍ ആണ് മധുര. 41 പേര്‍ക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ ലംഘിച്ച് മുതുവര്‍പ്പട്ടി ഗ്രാമത്തിലെ ഗ്രാമവാസികള്‍ ജെല്ലിക്കെട്ട് കാളയ്ക്ക് അന്ത്യയാത്ര അയക്കാന്‍ ഒത്തുകൂടിയത്.

നിരവധി ജെല്ലിക്കെട്ട് മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുള്ള മൂളി എന്ന കാള ബുധനാഴ്ചയാണ് ചത്തത്. മൂളിയുടെ ജഡം അലങ്കരിച്ച് പൊതുദര്‍ശനത്തിന് വെച്ചു. ഇവിടുത്തെ സെല്ലായി അമ്മന്‍ ക്ഷേത്രത്തിന്റെ കാള കൂടിയാണ് മൂളി. ആയിരങ്ങളാണ് കാളയെ അവസാനമായി കാണാന്‍ ഇവിടേക്ക് എത്തിയത്.

കൊറോണ മുന്‍കരുതല്‍ ഒന്നും സ്വീകരിക്കാതെയാണ് ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടിയതും വിലാപ യാത്രയില്‍ പങ്കെടുത്തതും. മുഖാവരണം ധരിക്കാനോ, നിശ്ചിത അകലം പാലിക്കാനോ ആളുകള്‍ തയ്യാറായില്ല. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 3000 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. നിയമംലംഘിച്ച് ഒത്തുകൂടിയതിനാണ് കേസെടുത്തത് എന്ന് മധുര കളക്ടര്‍ ടി ജി വിനയ് പറഞ്ഞു.

Exit mobile version