കോവിഡ് രോഗികള്‍ 1204; കൂട്ട ക്വാറന്റീനില്‍ കേന്ദ്രങ്ങളൊരുക്കി തമിഴ്‌നാട്

ചെന്നൈ: കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രണമില്ലാതെ ഉയരുന്നതിനിടെ നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട്. രോഗികളുടെ എണ്ണം ആയിരത്തി ഇരുന്നൂറു കടന്നതോടെ ആളുകളെ കൂട്ടത്തോടെ ക്വാറന്റീനില്‍ പാര്‍പ്പിക്കാനൊരുങ്ങുകയാണ്.

ഏറ്റവും കൂടുതല്‍ രോഗികളുള്ള ചെന്നൈ നഗരത്തില്‍ വന്‍കിട ഹാളുകളും കല്യാണ മണ്ഡപങ്ങളും ഏറ്റെടുത്താണ് ക്വാറന്റീന്‍ സംവിധാനം ഒരുക്കുന്നത്. നന്ദപാക്കം ട്രേഡ് സെന്ററില്‍ അറുന്നൂറു കിടക്കള്‍ ഉള്ള ഐസലേഷന്‍ കേന്ദ്രം ഒരുങ്ങി.

സംസ്ഥാനത്ത് ചെന്നൈ, കോയമ്പത്തൂര്‍ ജില്ലകളിലാണ് ഏറ്റവും അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചെന്നൈയില്‍ 208 കേസുകളും കോയമ്പത്തൂരില്‍ 126 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1204 ആയി.

അറുപത്തിയൊന്ന് വയസുള്ള സന്നദ്ധ പ്രവര്‍ത്തകന് കോയമ്പത്തൂര്‍ തുടിയാലൂരില്‍ കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതന്‍ ഭക്ഷണവിതരണം നടത്തിയ തുടിയാലൂര്‍ പോലീസ് സ്റ്റേഷനിലെ 40 പോലീസുകാരെ ഐസലേഷനിലേക്കു മാറ്റി. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുള്ളവര്‍ തിരിച്ചെത്തിയ വിമാനത്തില്‍ ഇയാളും യാത്ര ചെയ്തിരുന്നു.

Exit mobile version