കൊവിഡ് ബാധിതരെ ചികിത്സിച്ച ശേഷം വിശ്രമവും, ഉറക്കവും കാറില്‍ തന്നെ; വീട്ടിലേയ്ക്കും പോകാതെ കാറില്‍ ജീവിച്ച് ഡോക്ടര്‍ സച്ചിന്‍, നിറകൈയ്യടി

ഭോപ്പാല്‍: വീട്ടില്‍ പോകില്ല, ചുറ്റി അടിച്ച് നടക്കില്ല. കൊവിഡ് ബാധിതരെ ചികിത്സിച്ച് വിശ്രമിക്കുന്നതും ഉറങ്ങും നിര്‍ത്തിയിട്ട സ്വന്തം കാറിലാണ്. ലോകത്തിന് തന്നെ മാതൃകയാവുകയാണ് ഡോക്ടര്‍ സച്ചിന്‍ നായിക്. ജെപി ആശുപത്രിയില്‍ ജോലി ചെയ്ത് വരികയാണ് അദ്ദേഹം. കൊവിഡ് ചികിത്സയുടെ ചുമതലയുള്ള സച്ചിന്‍ ഇപ്പോള്‍ ജീവിക്കുന്നത് തന്റെ കാറിനുള്ളിലാണ്. മറ്റൊരാള്‍ക്ക് പോലും താന്‍ മൂലം രോഗം വരരുതെന്ന കരുതലിലാണ് വീട്ടിലേയ്ക്ക് പോലും പോകാതെ കാറില്‍ തന്നെ കഴിച്ചുകൂട്ടുന്നത്.

ജെപി ആശുപത്രിയില്‍ കൊവിഡ് ബാധിച്ചവരെ ചികിത്സിക്കുന്നവരില്‍ ഉള്‍പ്പെടുന്നയാളാണ് സച്ചിനും. ജോലി അവസാനിച്ച ശേഷം കാറിനുള്ളിലാണ് സച്ചിന്‍ വിശ്രമിക്കുന്നത്. ഉറങ്ങുന്നതുപോലും ഇതിനുള്ളിലാണെന്നതാണ് ഏവരെയും അമ്പരപ്പിക്കുന്നതും കൈയ്യടിക്കാന്‍ പ്രേരിപ്പിക്കുന്നതും. കൊവിഡ് ബാധിച്ചവരെ ചികിത്സിക്കുന്നതിനാല്‍ തനിക്കും രോഗം വരാനുള്ള സാധ്യതയാണ് സച്ചിന്‍ മുന്നില്‍ കണ്ടത്. അങ്ങനെ സംഭവിച്ചാല്‍ തന്റെ ഭാര്യക്കോ കുഞ്ഞിനോ ഒക്കെ അത് പടരാനുള്ള സാധ്യതയുണ്ട്.

അത് ഒഴിവാക്കാനാണ് ആശുപത്രിക്ക് സമീപം കാര്‍ പാര്‍ക്ക് ചെയ്ത ശേഷം തന്റെ ജീവിതം അതിനുള്ളിലേക്ക് സച്ചിന്‍ മാറ്റിയത്. ദിനചര്യക്ക് വേണ്ടതെല്ലാം കാറിനുള്ളില്‍ ഉണ്ടെന്നും വായിക്കാനുള്ള പുസ്തകങ്ങള്‍ അടക്കം സജ്ജമാക്കിയിട്ടുണ്ടെന്നും സച്ചിന്‍ പറഞ്ഞു. ഒരാഴ്ചയായി ഇങ്ങനെയാണ് സച്ചിന്റെ ജീവിതം. ഫോണിലൂടെയും വീഡിയോ കോളിലൂടെയുമാണ് വീട്ടിലുള്ളവരുമായി സച്ചിന്‍ ബന്ധപ്പെടുന്നത്.

Exit mobile version