ചൈനയിൽ നിന്നും ക്ഷേത്ര ദർശനത്തിന് എത്തി; മുറി നൽകാൻ ലോഡ്ജുടമകൾക്ക് ഭയം; ഒടുവിൽ പത്ത് ദിവസമായി ഗുഹയിൽ അഭയം തേടി യുവാവ്

ചെന്നൈ: താമസിക്കാൻ ലോഡ്ജുകളിൽ ഇടം നൽകാതെ വന്നതോടെ പത്ത് ദിവസമായി ഗുഹയിൽ താമസമാക്കിയ യുവാവിനെ പിടികൂടി. ചൈനീസ് യുവാവാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ കോവിഡ് പരിശോധനയ്ക്കായി കൊണ്ടുപോയി. ലോഡ്ജിൽ മുറി ലഭിക്കാഞ്ഞതിനെത്തുടർന്ന് പത്തുദിവസമായി ഗുഹയിൽ താമസിക്കുകയായിരുന്നു ഈ യുവാവ്.

തമിഴ്‌നാട് തിരുവണ്ണാമലൈയ്ക്കുസമീപം അണ്ണാമലൈ കുന്നിലെ ഗുഹയിലാണ് യാങ്രുയി(35)യെന്ന യുവാവ് താമസമാക്കിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പുദ്യോഗസ്ഥർ എത്തിയാണ് പിടികൂടിയത്. ജനുവരി 20നാണ് തിരുവണ്ണാമലൈയിലെ അരുണാചലേശ്വർ ക്ഷേത്രദർശനത്തിനായി യാങ്രുയി തിരുവണ്ണാമലൈയിലെത്തിയത്.

സമീപജില്ലകളിലെ ക്ഷേത്രങ്ങളിലും ദർശനം നടത്തി. മാർച്ച് 25ന് തിരുവണ്ണാമലൈയിൽ തിരിച്ചെത്തിയെങ്കിലും ചൈനീസ് സ്വദേശിയായതിനാൽ ലോഡ്ജുകളിൽ മുറി ലഭിച്ചില്ല. ഇതേത്തുടർന്നാണ് ഗുഹയിൽ അഭയംതേടിയതെന്ന് ഇദ്ദേഹം അധികൃതരോട് പറഞ്ഞു. യുവാവിനെ തിരുവണ്ണാമലൈയിലെത്തിച്ച് വനംവകുപ്പ് അധികൃതർ പോലീസിന്റെ നിയന്ത്രണത്തിലുള്ള വിദേശ ഹെൽപ്പ്‌ലൈൻ ഡെസ്‌കിന് കൈമാറി.

‘ലോക്ഡൗൺ അവസാനിക്കുന്നതുവരെ താമസിക്കാൻ സ്ഥലവും ഭക്ഷണവും തരൂ, അതുകഴിഞ്ഞാൽ നാട്ടിലേക്കു പോകാനുളള സൗകര്യമൊരുക്കൂ” എന്ന അഭ്യർത്ഥന മാത്രമാണ് യുവാവിനുണ്ടായിരുന്നത്. ഒടുവിൽ ജില്ലാകളക്ടർ കെഎസ് കന്തസ്വാമിയുടെ നിർദേശ പ്രകാരം യുവാവിനെ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Exit mobile version