ഒരു മലയാളി നഴ്‌സിനുകൂടി കൊവിഡ് ബാധ; ഡൽഹിയിൽ രോഗം ബാധിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം പത്തായി

ന്യൂഡൽഹി: ന്യൂഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു മലയാളി നഴ്‌സിനുകൂടി കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇതോടെ വൈറസ് ബാധിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം ഡൽഹിയിൽ പത്തായി.

ഡൽഹിയിൽ മാത്രം 26 ആരോഗ്യ പ്രവർത്തകർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. വേണ്ടത്ര സുരക്ഷാ ഉപകരണങ്ങളില്ലാതെ നഴ്‌സുമാരെ ഡ്യൂട്ടിക്ക് വിനിയോഗിക്കുന്നതാണ് രോഗം പകരാൻ കാരണമെന്ന് ഇതിനോടകം പരാതി ഉയർന്നിട്ടുണ്ട്.

ഡൽഹിയിൽ തന്നെ കൂടുതൽ നഴ്‌സുമാർ നിരീക്ഷണത്തിൽ തുടരുകയാണ്. ഇവരുടെ പരിശോധനാഫലം ലഭിച്ചെങ്കിൽ മാത്രമെ കൂടുതൽ നഴ്‌സുമാർ വൈറസ് ബാധിതരായോ എന്ന കാര്യം സ്ഥിരീകരിക്കാനാകൂ. ആശുപത്രിയിൽ തങ്ങൾക്ക് മതിയായ പരിചരണം കിട്ടുന്നില്ലെന്ന് നഴ്‌സുമാർ പരാതി ഉന്നയിച്ചിരുന്നു.

മഹാരാഷ്ട്രയിലും മലയാളി നഴ്‌സുമാരുടെ സ്ഥിതി ദയനീയമാണ്. രോഗം ബാധിച്ചവർക്ക് മതിയായ ഭക്ഷണമോ മരുന്നോ ചികിത്സയോ സ്വകാര്യ ആശുപത്രി ഒരുക്കുന്നില്ല. പല നഴ്‌സുമാരും തങ്ങളുടെ ദയനീയ അവസ്ഥ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് ലൈവിലൂടെ ഉൾപ്പടെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെട്ടുകൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.

Exit mobile version