‘പൂട്ടിയ മദ്യഷാപ്പുകള്‍ തുറക്കാന്‍ അനുവദിക്കണം’ മേഘാലയ മുഖ്യമന്ത്രിയോട് അനുമതി തേടി ബിജെപി സംസ്ഥാന അധ്യക്ഷന്‍

ഷില്ലോങ്: ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ മദ്യഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി തേടി ബിജെപി സംസ്ഥാന അധ്യക്ഷന്‍. മേഘാലയ മുഖ്യമന്ത്രിയോടാണ് ബിജെപി അധ്യക്ഷന്‍ ഏണസ്റ്റ് മൗരിയുടെ അപേക്ഷ. പൊതുജനസമ്മര്‍ദ്ദം കണക്കിലെടുത്ത് ഇതിന് അനുമതി നല്‍കണമെന്നാണ് ഏണസ്റ്റ് മൗരി പറയുന്നത്.

ഏണസ്റ്റ് മൗരി വൈന്‍ ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ സെക്രട്ടറി കൂടിയാണ്. മദ്യപാനം സംസ്ഥാനത്തെ ഒരു ജീവിതരീതിയായതിനാല്‍ വൈന്‍ ഷോപ്പുകള്‍ തുറക്കണമെന്ന് അദ്ദേഹം മുഖ്യന്ത്രിക്കെഴുതിയ കത്തില്‍ ആവശ്യപ്പെട്ടു. മറ്റു അവശ്യവസ്തുക്കള്‍ക്കൊപ്പം മദ്യവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഏണസ്റ്റ് മൗരി ഇതിന് അനുമതി നല്‍കുമ്പോള്‍ സാമൂഹിക അകലവും പൊതുശുചിത്വവും ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു.

മാര്‍ച്ച് 25-ന് പെട്ടെന്നുള്ള അടച്ചുപൂട്ടലയാതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് വളരെയധികം പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. മേഘാലയിലെ ബഹുഭൂരിപക്ഷം ആളുകളും മിതമായ അളവില്‍ മദ്യം കഴിക്കുന്നവരാണ്. അതിവിടുത്തെ ജീവിതരീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യപരമായ കാരണങ്ങളില്‍ വീടുകളിലേക്ക് മദ്യം എത്തിക്കാമെന്ന മുന്‍ ഉത്തരവ് മേഘാലയ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി അധ്യക്ഷന്റെ അഭ്യര്‍ത്ഥന.

Exit mobile version