കൊറോണ വൈറസ് പേപ്പറില്‍ നാല് ദിവസത്തോളം നിലനില്‍ക്കുമെന്ന് പരാതിക്കാരന്‍; അടിസ്ഥാനമില്ലെന്ന് കോടതി, ഹര്‍ജി തള്ളി

ചെന്നൈ: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്നും ദിനപത്രങ്ങള്‍ക്ക് ഇളവ് നല്‍കിയ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. എന്‍ കൃപാകരന്‍, ആര്‍ ഹേമലത എന്നിവിരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. ഒരു ജനാധിപത്യ സംവിധാനത്തില്‍ ദിനപത്രങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഹര്‍ജി തള്ളിയത്.

കൊറോണ വൈറസ് പേപ്പര്‍ പ്രതലങ്ങളില്‍ നാല് ദിവസത്തോളം നിലനില്‍ക്കുമെന്നും കൊറോണ വ്യാപനത്തിന് ഇത് വഴിയൊരുക്കുമെന്ന ആശങ്കകള്‍ ഉന്നയിച്ച് തമിഴ്‌നാട്ടില്‍ നിന്നുള്ള ടി ഗണേഷ് കുമാറാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ അടിസ്ഥാനമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

പത്രങ്ങളില്ലാതെ സര്‍ക്കാര്‍ വേണോ അതോ സര്‍ക്കാരില്ലാത്ത പത്രങ്ങള്‍ വേണോ എന്ന് തീരുമാനിക്കാന്‍ അവസരം ലഭിച്ചാല്‍ രണ്ടാമത്തേതിന് മുന്‍ഗണന നല്‍കാന്‍ ഞാന്‍ ഒരു നിമിഷം പോലും മടിക്കില്ല എന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തോമസ് ജെഫേഴ്സന്റെ പ്രസ്താവന പരാമര്‍ശിച്ചുകൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്.

പത്രമാധ്യമങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നത് വസ്തുതകള്‍ അടങ്ങിയ വാര്‍ത്തകള്‍ മാത്രമാണെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. വാര്‍ത്തകളും പത്രസ്ഥാപനത്തിന്റെ കാഴ്ചപ്പാടുകളും പ്രത്യയശാസ്ത്രവും തമ്മില്‍ കൂട്ടിക്കലര്‍ത്തരുത്. വാര്‍ത്തകള്‍ വായനക്കാരിലേക്ക് എത്തിക്കേണ്ടതുണ്ട്. അവരുടെ പ്രത്യയശാസ്ത്രം മുന്നോട്ട് വയ്ക്കാന്‍ അവര്‍ക്ക് അര്‍ഹതയുണ്ടെങ്കിലും വാര്‍ത്തകളാണ് വായനക്കാര്‍ക്ക് ആവശ്യം. ചില പ്രസാധകര്‍ അവരുടെ അഭിപ്രായങ്ങളെ വാര്‍ത്തകളോടൊപ്പം കൂട്ടിച്ചേര്‍ക്കുന്നുവെന്നത് ഒരു വസ്തുതയാണെന്നും കോടതി വ്യക്തമാക്കി.

പേപ്പര്‍ ഉല്‍പ്പന്നങ്ങളിലൂടെ വൈറസ് പകരുന്നത് സാധ്യത കുറവാണെന്ന് വൈറോളജി ഗവേഷകര്‍ പോലും ചൂണ്ടിക്കാട്ടുന്നു. പത്രങ്ങളിലൂടെ വൈറസ് വ്യാപിക്കുന്നു എന്ന് തെളിയിക്കാന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണ്. അതിനാല്‍ മതിയായ വിവരങ്ങളുടെ അഭാവത്തില്‍ അപേക്ഷകന്റെ ഹര്‍ജിയില്‍ അനുകൂല തീരുമാനമെടുക്കാനാവില്ല. പത്രം വായിക്കുന്നതിന് മുന്‍പ് ഇസ്തിരി ഇടുന്നതും പത്രം വായിച്ചതിനു ശേഷം കൈകള്‍ ശുചീകരിക്കുന്നതും സ്വീകരിക്കാവുന്ന നിലപാടുകളാണെന്നും കോടതി പറയുന്നു.

Exit mobile version