മരിച്ചെന്ന് സര്‍ട്ടിഫിക്കറ്റ്, ആംബുലന്‍സ് തുറന്ന് നോക്കിയപ്പോള്‍ ജീവനോടെ; അമ്പരന്ന് പോലീസ്, ഒടുവില്‍ അഴിക്കുള്ളില്‍, യുവാവിനെ ചതിച്ചത് അതിബുദ്ധി

ശ്രീനഗര്‍: ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിലെത്തിപ്പെടാന്‍ മരണം അഭിനയിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ജമ്മു കാശ്മീരിലാണ് സംഭവം. പൂഞ്ച് ജില്ലയിലുള്ള ഹക്കിം ദിന്‍ എന്നയാളാണ് വീട്ടിലെത്താന്‍ അതിബുദ്ധി കാണിച്ചത്. പരിക്കുകളെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഹക്കിം. എന്നാല്‍ പരിക്ക് ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയ സമയത്താണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

ഇതോടെ സ്വന്തം വീട്ടിലെത്താനാകാതെ ഇയാള്‍ കുടുങ്ങുകയായിരുന്നു. പിന്നാലെ മൂന്നുപേരുടെ സഹായത്തോടെ താന്‍ മരിച്ചതായി ഹക്കിം ദിന്‍ വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുകയും ആംബുലന്‍സില്‍ വീട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുകയും ചെയ്തു. എന്നാല്‍ വീട്ടിലേക്കുള്ള യാത്രക്കിടെ വഴിയില്‍ വെച്ച് പോലീസ് ആംബുലന്‍സ് തടഞ്ഞ് പരിശോധിച്ചു.

മരിച്ചുവെന്ന് സര്‍ട്ടിഫിക്കറ്റിലുള്ളയാള്‍ ജീവനോടെ ഇരിക്കുന്നത് കണ്ട് ആദ്യം പോലീസുകാര്‍ ഞെട്ടി. എന്നാല്‍ സത്യസ്ഥിതി മനസിലാക്കിയതോടെ ഹക്കീമിനെയും മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാനും മറ്റും സഹായിച്ച മൂന്ന് കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ക്വാറന്റൈന്‍ ചെയ്യുകയും ചെയ്തു.

Exit mobile version