ഭക്ഷ്യ വിതരണത്തിനു പുറമെ, മദ്യ വിതരണത്തിനും ഒരുങ്ങി സൊമാറ്റോയും..? ശുപാര്‍ശ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഭക്ഷ്യ വിതരണം നടത്തുന്ന പ്രമുഖ കമ്പനിയായ സൊമാറ്റോ മദ്യ വിതരണ സംരംഭത്തിന് കൂടി ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി, ആദ്യഘട്ടമെന്ന നിലയില്‍ ഇന്റര്‍നാഷണല്‍ സ്പിരിറ്റ്സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യക്ക് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുകയാണ് സൊമാറ്റോ.

ലോക്ക് ഡൗണ്‍ കാലത്ത് മദ്യത്തിന് ആവശ്ം ഉയരുന്ന സഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേയ്ക്ക് കമ്പനി എത്തിച്ചേര്‍ന്നത്. ലോക്ക്ഡൗണ്‍ കാലത്ത് ഹോട്ടലുകളും മറ്റും അടച്ചു പൂട്ടിയതിനാല്‍ പലചരക്ക് വിതരണവും ചിലയിടങ്ങളില്‍ സൊമാറ്റോ തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ കാല്‍വെയ്പ്പിലേയ്ക്ക് കൂടി കടക്കുന്നത്.

മാര്‍ച്ച് 25 ന് രാജ്യവ്യാപകമായി അടച്ച മദ്യവില്‍പ്പനശാലകള്‍ ഈ ആഴ്ചയാണ് വീണ്ടും തുറക്കാന്‍ പല സംസ്ഥാനങ്ങളും തീരുമാനിച്ചത്. ചിലയിടങ്ങളിലെ മദ്യ ഷാപ്പുകള്‍ തുറന്നതോടെ നീണ്ട ക്യൂവും അതിലുപരി വന്‍ തിരക്കുമാണ് അനുഭവപ്പെട്ടത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സാമൂഹിക അകലം എന്നത് പോലും തള്ളിയാണ് ആളുകള്‍ മദ്യവില്‍പ്പന ശാലയിലേയ്ക്ക് ഇരച്ചു കയറിയത്.

ഇന്ത്യയില്‍ മദ്യത്തിന്റെ ഹോം ഡെലിവറിക്ക് നിലവില്‍ നിയമപരമായ വ്യവസ്ഥകളൊന്നുമില്ല. സോമാറ്റോയുമായും മറ്റുള്ളവരുമായും ചേര്‍ന്ന് മാറ്റം വരുത്താന്‍ ഇന്റര്‍നാഷണല്‍ സ്പിരിറ്റ്സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ISWAI) ശ്രമം നടത്തുന്നുണ്ട്. ”ഹോം ഡെലിവറിയിലൂടെ ഉത്തരവാദിത്തമുള്ള മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,” സോമാറ്റോയുടെ ഭക്ഷ്യ വിതരണ സിഇഒ മോഹിത് ഗുപ്ത ISWAI ന് എഴുതിയ ശുപാര്‍ശയില്‍ വ്യക്തമാക്കി. ഏപ്രില്‍ മദ്യത്തോടെയാണ് ശുപാര്‍ശ സമര്‍പ്പിച്ചത്.

Exit mobile version