‘5 മിനിറ്റില്‍ ഉണ്ടാക്കാവുന്ന മാഗി കഴിക്കാന്‍ എന്തിനാ ദാസപ്പാ 10 മിനിറ്റ് ‘ : പത്ത് മിനിറ്റില്‍ മാഗി വീട്ടിലെത്തിക്കാമെന്ന സൊമാറ്റോ ട്വീറ്റിനെ ട്രോളി ട്വിറ്റര്‍

സൊമാറ്റോയുടെ 10 മിനിറ്റ് ഡെലിവറി പദ്ധതി നെറ്റിസണ്‍സിന് മൊത്തത്തില്‍ സുഖിക്കാത്ത മട്ടാണ്. ഇന്‍സ്റ്റന്റ് ഡെലിവറി പ്രഖ്യാപിച്ച് സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെ വിമര്‍ശനങ്ങളുടെ പെരുമഴയാണ് ട്വിറ്ററില്‍. ഓര്‍ഡര്‍ ചെയ്ത് പത്ത് മിനിറ്റിനുള്ളില്‍ ഡെലിവറി നടത്താന്‍ ജീവനക്കാര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തില്ലെന്ന് സൊമാറ്റോ വ്യക്തമാക്കിയിരുന്നെങ്കിലും ഈ കാര്യം ഉന്നയിച്ചാണ് ഭൂരിഭാഗം ആളുകളും പുതിയ പദ്ധതിയെ വിമര്‍ശിക്കുന്നത്. ഇത്ര വേഗത്തില്‍ ഡെലിവറി നടത്താന്‍ ജീവനക്കാര്‍ക്ക് എങ്ങനെ സമ്മര്‍ദമില്ലാതിരിക്കും എന്നാണ് ട്വിറ്റര്‍ ഉപയോക്താക്കളുടെ പ്രധാന ചോദ്യം.

ഇതിന് പുറമേ ഇന്‍സ്റ്റന്റ് ഡെലിവറി ചെയ്യുന്ന ഭക്ഷണങ്ങളുടെ ലിസ്റ്റില്‍ മാഗിയും ഉള്‍പ്പെട്ടതോടെ ട്വിറ്ററാകെ ഇന്നലെ സൊമാറ്റോയെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റുകളാല്‍ നിറഞ്ഞു. 5 മിനിറ്റ് കൊണ്ടുണ്ടാക്കാവുന്ന മാഗി കഴിക്കാന്‍ സൊമാറ്റോയുടെ പത്ത് മിനിറ്റ് ഡെലിവറി ആവശ്യമില്ലെന്നാണ് മിക്കവരും പറയുന്നത്. തിളച്ച വെള്ളമുണ്ടെങ്കില്‍ എവിടെയിരുന്നും മാഗി ഉണ്ടാക്കാമെന്നും പുറത്ത് നിന്ന് ഓര്‍ഡര്‍ ചെയ്യേണ്ട കാര്യമില്ലെന്നുമാണ് ഒരു വിഭാഗം ആളുകളുടെ അഭിപ്രായം. സൊമാറ്റോയുടേത് ഭ്രാന്തമായ മാര്‍ക്കറ്റിംഗ് ആണെന്ന് വിമര്‍ശിക്കുന്നവരും കുറവല്ല.

തിങ്കളാഴ്ചയാണ് ഓര്‍ഡര്‍ ചെയ്ത് പത്ത് മിനിറ്റിനുള്ളില്‍ ഭക്ഷണം വീട്ടിലെത്തിക്കുന്ന പദ്ധതി സൊമാറ്റോ പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഡെലിവറിയ്‌ക്കെടുക്കുന്ന മുപ്പത് മിനിറ്റ് സമയം വളരെ സാവധാനമാണെന്ന് കണ്ടാണ് പുതിയ തീരുമാനമെന്ന് ദീപീന്ദര്‍ ഗോയല്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

Exit mobile version