രാജ്യത്തെ ബാധിച്ച ഇരുട്ടാണ് കൊറോണ; ടോര്‍ച്ച് ലൈറ്റോ, മൊബൈല്‍ ഫ്‌ളാഷോ, മെഴുകുതിരിയോ ചിരാതുകളോ തെളിയിച്ച് ആ ഇരുട്ടിനെ അകറ്റാം; ഏപ്രില്‍ അഞ്ചിന് ഒമ്പത് മിനിറ്റ് നേരം ദീപം തെളിയിക്കാന്‍ മാറ്റിവെയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നടങ്കം ബാധിച്ച ഇരുട്ടാണ് കൊറോണ വൈറസ്. ആ ഇരുട്ടിനെ രാജ്യത്ത് നിന്നും അകറ്റാന്‍ ചെറു ദീപങ്ങള്‍ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണി മുതല്‍ ഒമ്പത് മിനിട്ട് നേരം ഇതിനായി മാറ്റിവെയ്ക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

വെള്ളിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ജനങ്ങള്‍ക്ക് വീഡിയോ സന്ദേശം നല്‍കിയത്. ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണി മുതല്‍ ഒമ്പത് മിനിട്ട് നേരം വൈദ്യുത ലൈറ്റുകള്‍ അണച്ച് കൈവശമുള്ള ചെറിയ ദീപങ്ങള്‍ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.

ഇത്തരത്തില്‍ ദീപങ്ങള്‍ തെളിയിക്കുന്നതിലൂടെ കൊറോണ ഭീഷണിയുടെ ഇരുട്ട് നമ്മള്‍ മായ്ക്കണമെന്നും ഇതിനായി ടോര്‍ച്ച് ലൈറ്റോ, മൊബൈല്‍ ഫ്‌ളാഷോ, മെഴുകുതിരിയോ ചിരാതുകളോ തെളിയിക്കണമെന്നും മോഡി പറഞ്ഞു. വീട്ടില്‍ എല്ലാവരും ചേര്‍ന്ന് ബാല്‍ക്കണിയിലോ വാതില്‍പ്പടിയിലോ നിന്ന് ഈ ചെറുദീപങ്ങള്‍ തെളിയിക്കണമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചത്.

ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകുമെന്നും കൊറോണയുടെ അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കാന്‍ നമുക്ക് ഒരുമിച്ച് ഈ സമയം നീക്കിവെക്കാമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കൊറോണയെ തടയാന്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനോട് ജനങ്ങളെല്ലാം സഹകരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Exit mobile version