കള്ളവാറ്റുമായി തൃപ്തി ദേശായിയും സംഘവും പിടിയില്‍; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലെ വസ്തുത ഇങ്ങനെ

കൊച്ചി: ശബരിമല സന്ദര്‍ശനം നടത്താന്‍ എത്തിയതിനെ തുടര്‍ന്ന് പ്രശസ്തയായ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ കള്ളവാറ്റ് നിര്‍മ്മിക്കുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന തരത്തിലുള്ള പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായിരുന്നു. സംഘപരിവാര്‍ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളാണ് ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

എന്നാല്‍ ഈ പ്രചരണം തെറ്റാണെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസിനെ മദ്യക്കുപ്പികള്‍ കൊണ്ടുള്ള മാല അണിയിക്കാന്‍ ശ്രമിക്കുന്നതിനിടെ തൃപ്തി ദേശായിയെ അറസ്റ്റ് ചെയ്ത ദൃശ്യങ്ങളാണ് കള്ളവാറ്റ് നിര്‍മ്മിക്കുന്നതിനിടെ അറസ്റ്റ് ചെയ്തുവെന്ന തരത്തില്‍ പ്രചരിക്കുന്നത്. 2019 സെപ്തംബറിലെ ദൃശ്യങ്ങളാണ് കള്ളവാറ്റ് ദൃശ്യങ്ങളാക്കി സംഘപരിവാര്‍ അനുകൂലികള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യമാകെ മദ്യഷോപ്പുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുംബൈയിലെ ഒരു കള്ളവാറ്റു കേന്ദ്രത്തില്‍ നിന്ന് തൃപ്തി ദേശായിയെയും സംഘത്തെയും പിടികൂടിയെന്നായിരുന്നു പ്രചാരണം.

Exit mobile version