കൊറോണ ബാധിതരുള്ള മുംബൈയിൽ നിന്നും നാട്ടിലെത്തിയവരെ കുറിച്ച് പോലീസിനെ അറിയിച്ചു; പ്രകോപിതരായ സംഘം യുവാവിനെ തല്ലിക്കൊന്നു

പാട്‌ന: കൊറോണ ബാധിതർ ഏറെയുള്ള മഹാരാഷ്ട്രയിലെ മുംബൈയിൽനിന്ന് നാട്ടിലെത്തിയവരെക്കുറിച്ച് പോലീസിൽ വിവരമറിയിച്ചെന്ന് ആരോപിച്ച് യുവാവിനെ രണ്ടംഗ സംഘം തല്ലിക്കൊന്നു. ബിഹാറിലെ സീതാമാർഹി ജില്ലയിലെ 36 വയസുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്.

രാജ്യമെമ്പാടും കൊറോണ ഭീതി നിലനിൽക്കെ മുംബൈയിൽ ജോലിചെയ്യുന്ന രണ്ടുപേർ അടുത്തിടെ ഗ്രാമത്തിൽ തിരിച്ചെത്തിയിരുന്നു. നാട്ടിൽ തിരിച്ചെത്തിയിട്ടും ഇവർ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെട്ടിരുന്നില്ല. ഇതിനിടെയാണ് പോലീസെത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിൽ ഇരുവർക്കും കൊറോണ വൈറസ് ബാധയില്ലെന്ന് കണ്ടെത്തുകയും ചെയ്തു.

ഇതിനുപിന്നാലെയാണ് ഇവരെക്കുറിച്ച് പോലീസിൽ അറിയിച്ചെന്ന് ആരോപിച്ച് 36 കാരനെ ഒരു സംഘം ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. അതേസമയം, കൊല്ലപ്പെട്ട യുവാവ് അല്ല തങ്ങൾക്ക് വിവരം നൽകിയതെന്നും ഒരു പ്രാദേശിക മാധ്യമപ്രവർത്തകനാണെന്നും പോലീസ് അറിയിച്ചു.

കൊല്ലപ്പെട്ടയാൾ പോലീസിനെ വിളിച്ചിരുന്നോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെന്നും ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചാലേ ഇക്കാര്യം വ്യക്തമാകൂവെന്നും കൊലപാതകത്തിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Exit mobile version