രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരിച്ചെത്തിയ അതിഥി തൊഴിലാളികളോട് കണ്ണില്ലാത്ത ക്രൂരത കാണിച്ച് യുപി; കൂട്ടമായി നിർത്തി ദേഹത്ത് അണുനാശിനി സ്‌പ്രേ ചെയ്തു

ബറേലി: തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറിയവർ രാജ്യമെമ്പാടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഏറെ ദൂരം താണ്ടി നാട്ടിലെത്തിയിരിക്കുകയാണ്. അതേസമയം, സ്വന്തം നാട്ടിൽ തിരിച്ചെത്തിയ തൊഴിലാളികളോട് മനുഷ്യത്വ രഹിതമായ ക്രൂരത കാണിച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ അധികാരികൾ. നാട്ടിൽ തിരിച്ചെത്തിയ തൊഴിലാളികളെ ഒരുമിച്ച് കൂട്ടമായി ഇരുത്തി അണുനാശിനി സ്‌പ്രേ ചെയ്താണ് സർക്കാരിന്റെ ക്രൂരത. ഈ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.

ലഖ്‌നൗവിൽ നിന്ന് 270 കിലോമീറ്റർ ദൂരത്തുള്ള ബറേലിയിൽ നിന്നാണ് വീഡിയോ പകർത്തിയിട്ടുള്ളത്. പ്രത്യേക ബസിൽ നാട്ടിലേക്ക് തിരിച്ചെത്തിയ സംഘത്തെയാണ് അണുമുക്തമാക്കാനെന്ന പേരിൽ ദേഹമാസകലം അണുനാശിനി സ്‌പ്രേ ചെയ്തത്. സംഭവം വിവാദമായതോടെ ന്യായീകരണവുമായി ഉദ്യോഗസ്ഥർ രംഗത്തെത്തി.

‘കുടിയേറ്റക്കാരെ ക്ലോറിനും വെള്ളവും കലർത്തി തളിച്ച് വൃത്തിയാക്കുകയാണ് ചെയ്തതെന്നും രാസലായിനികൾ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. കണ്ണടച്ച് സൂക്ഷിക്കാൻ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടിരുന്നെന്നാണ് ഉദ്യോഗസ്ഥർ നിരുത്തരവാദപരമായി പ്രതികരിച്ചിരിക്കുന്നത്.

കൊവിഡ്19 പടരന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗണിന് പിന്നാലെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ടു കിടക്കുന്ന അതിഥിതൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് പോകാൻ തുടങ്ങിയിരുന്നു.

Exit mobile version