കൊവിഡിനെ തടയാന്‍ തെരുവുകളില്‍ മഞ്ഞളും ആര്യവേപ്പും ചേര്‍ന്ന മിശ്രിതം തളിച്ച് രാമാനന്ദപുരക്കാര്‍; മിശ്രിതം നല്ലൊരു അണുനാശിനിയാണെന്ന് ഗ്രാമവാസികള്‍

ചെന്നൈ: പടര്‍ന്നുപിടിക്കുന്ന കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനിടെ കൊവിഡ് വ്യാപനം തടയുന്നതിനായി തെരുവുകളില്‍ മഞ്ഞളും ആര്യവേപ്പും ചേര്‍ന്ന മിശ്രിതം തളിച്ചിരിക്കുകയാണ് ഒരു ഗ്രാമം.

കൊവിഡിനെ പ്രതിരോധിക്കാന്‍ തമിഴ്‌നാട്ടിലെ രാമാനന്ദപുരം ജില്ലയിലെ പേരയൂര്‍ ഗ്രാമത്തിലെ തെരുവുകളിലാണ് ഗ്രാമവാസികള്‍ മിശ്രിതം തളിച്ചത്. ആര്യവേപ്പും മഞ്ഞളും ചേര്‍ന്ന മിശ്രിതമാണ് തെരുവുകളില്‍ തളിച്ചത്. പേരയൂര്‍, വേപ്പംഗുലം, അയ്യനാപുരം തുടങ്ങിയ ഗ്രാമങ്ങളിലെ ആളുകളുകള്‍ ചേര്‍ന്നാണ് മിശ്രിതം തളിച്ചതെന്ന് അയ്യനാപുരം ഗ്രാമവാസിയായ മുരുകാനന്ദം പറഞ്ഞു.

ഈ മിശ്രിതം നല്ലൊരു അണുനാശിനിയാണെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. മിശ്രിതം തളിച്ചത് കൂടാതെ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് പ്രദേശം ശുദ്ധീകരിക്കുകയും ചെയ്തു. അതേസമയം ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും ചേര്‍ന്ന് രാമാനന്ദപുരം ജില്ലയില്‍ കൊവിഡ് ബോധവത്ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. തമിഴ്‌നാട്ടില്‍ ഇതുവരെ 50 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.

Exit mobile version