യോഗയാണ് എന്റെ ആരോഗ്യ രഹസ്യം, നിങ്ങളുടേതോ? പങ്കുവെയ്ക്കൂ.., വീടുകളില്‍ കഴിയുന്ന ജനങ്ങളെ ആരോഗ്യത്തോടെയിരിക്കാന്‍ പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യം ലോക് ഡൗണിലാണ്. 21 ദിവസമാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തില്‍ വീടുകളില്‍ കഴിയുന്ന ജനങ്ങളെ ആരോഗ്യത്തോടെയിരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

ഇതിനായി മോഡി തന്റെ ആരോഗ്യദിനചര്യകള്‍ ജനങ്ങളുമായി പങ്കുവെച്ചു. ട്വിറ്ററിലൂടെയാണ് മോഡി തന്റെ യോഗ ചെയ്യുന്ന വീഡിയോ പങ്കുവെച്ചത്. ‘ഞാന്‍ ഒരു ഫിറ്റ്‌നസ് വിദഗ്ദ്ധനോ മെഡിക്കല്‍ വിദഗ്ധനോ അല്ല. യോഗ പരിശീലിക്കുന്നത് വര്‍ഷങ്ങളായി എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്, അത് പ്രയോജനകരമാണെന്ന് ഞാന്‍ കണ്ടെത്തി’ എന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് മോഡി ട്വിറ്ററില്‍ കുറിച്ചു.

‘നിങ്ങളില്‍ പലര്‍ക്കും ആരോഗ്യത്തോടെ തുടരാനുള്ള മറ്റ് വഴികളുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, അവയും മറ്റുള്ളവരുമായി പങ്കിടണ’മെന്നു മോഡി ആവശ്യപ്പെട്ടു. എല്ലാവരും പതിവായി യോഗ പരിശീലിക്കാന്‍ തുടങ്ങുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പല ഭാഷകളില്‍ തന്റെ യോഗ വീഡിയോകള്‍ ലഭ്യമാണെന്നും കഴിഞ്ഞദിവസം മന്‍കിബാത്ത് സമയത്ത് തന്റെ ആരോഗ്യദിനചര്യയെ കുറിച്ച് ചോദ്യങ്ങളുയര്‍ന്നിരുന്നു,അതിനാലാണ് ഈ വീഡിയോകള്‍ പങ്കുവെക്കാന്‍ ആലോചിച്ചതെന്നും മോഡി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ യോഗ വീഡിയോകള്‍ പലതും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Exit mobile version