കൊറോണ; ദക്ഷിണേന്ത്യയില്‍ മരിച്ചവരുടെ എണ്ണം ആറായി; തെലങ്കാനയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു; ഏറ്റവും കൂടുതല്‍ രോഗികളുള്ളത് കേരളത്തില്‍

ചെന്നൈ: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. തെലങ്കാനയിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. തെലങ്കാനയില്‍ ഹൈദരാബാദ് സ്വദേശിയായ വൃദ്ധനാണ് മരിച്ചത്. ഇതോടെ ദക്ഷിണേന്ത്യയില്‍ മാത്രം മരിച്ചവരുടെ എണ്ണം ആറായി.

കൊറോണ ബാധിച്ച് സംസ്ഥാനത്തെ ആദ്യ മരണമാണിത്. ഇദ്ദേഹം ന്യുമോണിയക്ക് ചികിത്സ തേടിയിരുന്നു. മരണത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി ഇ.രാജേന്ദര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇന്നലെ ആറ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ആകെ രോഗികളുടെ എണ്ണം 65 ആയി ഉയര്‍ന്നു.

ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. സംസ്ഥാനത്ത് ആറ് പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം ബാധിച്ച് സംസ്ഥാനത്ത് 165 പേരാണ് ചികിത്സയിലുള്ളത്. കേരളം കഴിഞ്ഞാല്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത് കര്‍ണാടകയിലാണ്. ഇന്നലെ 10 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 74 ആയി ഉയര്‍ന്നു. മൂന്ന് പേരാണ് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.

തമിഴ്‌നാട്ടില്‍ ഇന്നലെ നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. ബാക്കിയുള്ളവര്‍ക്ക് വ്യക്തമായ യാത്രാ ചരിത്രമില്ല. 208 പരിശോധനാ ഫലങ്ങള്‍ കൂടി ഇനിയും പുറത്ത് വരാനുണ്ട്. ആന്ധ്ര പ്രദേശില്‍ 12 പേര്‍ക്കും പുതുച്ചേരിയില്‍ ഒരാള്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

Exit mobile version