ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയ ഭർത്താവിനെ ഗർഭിണിയായ മുസ്ലിം സ്ത്രീയുടെ അരികിലെത്തിച്ച് യുപി പോലീസ്; കുഞ്ഞിന് പോലീസുകാരന്റെ പേരിട്ട് നന്ദി അറിയിച്ച് യുവതി

ഫഖ്‌റുദ്ധീൻ പന്താവൂർ

ലഖ്‌നൗ: ലോക്ക് ഡൗൺ കാലത്ത് രാജ്യത്തെങ്ങും പോലീസിന്റെ ക്രൂരതയെക്കുറിച്ചുള്ള വാർത്തകളാണ്. കൊറോണയെ ലാത്തികൊണ്ടു നേരിടുകയാണോ പോലീസുകാരെന്ന് തോന്നിപ്പോകും.എന്നാൽ ഇതാ ആരുടെയും ഹീറോയായി മാറാവുന്ന ഒരു പോലീസുകാരനെക്കുറിച്ചുള്ള വാർത്തയാണ് ഇന്ത്യ ടൈംസ് പുറത്തു വിടുന്നത്. രൺവിജയ് സിംഗ് എന്ന ഉത്തർപ്രദേശുകാരനായ പോലീസുകാരനെക്കുറിച്ച്.

ലോക്ക് ഡൗണാണ് ഗർഭിണിയായ തമന്നഖാന്റെ ജീവിതത്തെ മാറ്റിമറിച്ചത്.
കൊറോണ വൈറസ് പടരുന്നതിന് 21 ദിവസത്തെ രാജ്യവ്യാപകമായി പൂട്ടിയിട്ടതിനെ തുടർന്ന് ഭർത്താവ് അനീസ് നോയിഡയിൽ കുടുങ്ങിയപ്പോൾ , ഗർഭിണിയായ ഭാര്യ തമന്ന ഖാന്റെ രക്ഷക്കാണ് ഉത്തർപ്രദേശ് പോലീസായ രൺവിജയ് എത്തിയത്.

25 കാരിയായ തമന്ന ഖാൻ ഉത്തർപ്രദേശിലെ ബറേലി സ്വദേശിയാണ്. നോയ്ഡയിലുള്ള തന്റെ ഭർത്താവിനെ രക്ഷിക്കാൻ പോലീസുകാർക്ക് മേസേജ് അയക്കുകയായിരുന്നു. ലോക്ക്ഡൗൺ ആയതോടെ ഭർത്താവ് അനീസ് അവിടെ കുടുങ്ങിക്കിടക്കുയായിരുന്നു. ഭാര്യയുടെ അടുത്തെത്താൻ ഒരു മാർഗവുമില്ല. പ്രസവിക്കാനുള്ള സമയവുമടുത്തു. തമന്നയുടെ ഉള്ളാകെ നീറി. എങ്ങനെയെങ്കിലും ഭർത്താവിനെ കിട്ടാൻ അവൾ എല്ലാവരോടും കെഞ്ചി. യുവതിയുടെ വിഷമം മനസിലാക്കിയ ബറേലി എസ്എസ്പി ശൈലേഷ് പാണ്ഡെ ഇടപെട്ടു.

എസ്എസ്പി ഉടൻ തന്നെ യുവതിയെ സമീപിക്കുകയും നോയിഡയിലെ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ (എഡിസിപി) ബന്ധപ്പെടുകയും ചെയ്തു. എങ്ങനെയെങ്കിലും യുവതിയുടെ ഭർത്താവിനെ കണ്ടെത്തി നാട്ടിലെത്തിക്കണമെന്നായിരുന്നു നിർദേശം.

യുവതിയുടെ ഭർത്താവ് കൃത്യസമയത്ത് ബറേലിയിൽ എത്തുമെന്ന് നോയിഡയിലെ എ.ഡി.സി.പി രൺവിജയ് സിംഗ് യുവതിക്ക് ഉറപ്പുനൽകി.ഇതോടെ യുവതിക്ക് ആശ്വാസമായി.ലോക്ക്ഡൗൺകാലത്ത് പലരെയും സഹായിച്ച പോലീസുകാരെക്കുറിച്ച് അവൾ വായിച്ചറിഞ്ഞിരുന്നു. ഭർത്താവിനെ, ഗർഭിണിയായ ഭാര്യയുടെ അടുത്ത് എത്തിക്കാനുള്ള രൺ വിജയ് സിംഗിന്റെ അവസരോചിതമായ ഇടപെടൽ മൂലം വിജയിച്ചു.

ഭർത്താവ് അടുത്തെത്തിയതോടെ അവൾക്ക് പ്രസവവേദന അനുഭവപ്പെട്ടു. നല്ലൊരു ആൺകുഞ്ഞിന് അവൾ ജന്മം നൽകി.bതന്റെ ഭർത്താവിനെ തിരികെത്തന്ന ആ പോലീസുകാരനോടുള്ള നന്ദി അവൾക്ക് മറക്കാനാവുമായിരുന്നില്ല. അവൾ കുഞ്ഞിന് ‘മുഹമ്മദ് രൺവിജയ് ഖാൻ’ എന്ന് പേരിട്ടു. അതിലും മികച്ചൊരു സമ്മാനം ആ പോലീസുകാരന് നൽകാൻ അവളുടെ കൈവശമുണ്ടായിരുന്നില്ല.

‘നിരവധി ഉത്തരവാദിത്തങ്ങൾക്കിടയിലും രൺവിജയ് സാറിന് ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യമുണ്ട്, വലിയ തിരക്കുകൾക്കിടയിലും അദ്ദേഹം എന്റെ ഭർത്താവിനെ കണ്ടുമുട്ടി, കൃത്യസമയത്ത് എന്റെ അടുത്തെത്തിച്ചു.,’ അഭിമാനത്തോടെ തമന്ന പറയുന്നു.

Exit mobile version