ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവടുവയ്പ്; കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ അഭിനന്ദിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യപിച്ച രാജ്യത്ത്, ഏറെ ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവടുവയ്പാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു.

ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപനം ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവടുവയ്പാണെന്നും ഈ സാഹചര്യത്തില്‍ ഇത് രാജ്യത്തിന് ഏറെ ആശ്വാസമേകുമെന്നും രാഹുല്‍ പറഞ്ഞു.

നിലവിലെ ലോക്ക്ഡൗണിന്റെ ആഘാതം പേറേണ്ടിവരുന്ന കര്‍ഷകരോടും ദിവസക്കൂലിക്കാരോടും തൊഴിലാളികളോടും സ്ത്രീകളോടും പ്രായമായവരോടും ഇന്ത്യക്ക് കടപ്പാടുണ്ടെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് ധനമന്ത്രി നിര്‍മല സീതരാമന്‍ പ്രഖ്യാപിച്ചത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്, ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പാക്കേജ്, 20 ലക്ഷം ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ്, ദിവസ വേതനക്കാര്‍ക്കു സഹായം എന്നിവയാണ് പാക്കേജിലെ പ്രധാന പ്രഖ്യാപനങ്ങള്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം 80 കോടി പാവങ്ങള്‍ക്ക് അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ് സൗജന്യമായി നല്‍കും.

നിലവില്‍ നല്‍കുന്ന അഞ്ച് കിലോയ്ക്ക് പുറമെയായിരുക്കും ഇത്. അഞ്ച് കിലോ അരിയോ ഗോതമ്പോ ഏതാണ് ആവശ്യമെങ്കില്‍ അത് തെരഞ്ഞെടുക്കാം. അടുത്ത മൂന്നു മാസത്തേക്കാകും ഇത് ലഭിക്കുക. ഒരു കിലോ പയര്‍ വര്‍ഗവും മൂന്നുമാസം സൗജന്യമായി നല്‍കും. ഒന്നിച്ചോ രണ്ട് തവണയായോ ഇത് വാങ്ങാവുന്നതാണ്.

Exit mobile version