ഈ അമ്മയുടെ വികാരത്തെയെങ്കിലും മാനിച്ച് ദയവായി വീടുകളില്‍ തന്നെ ഇരിക്കു; വീഡിയോ പങ്കുവെച്ച് വികാരധീനനായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കാറ്റടിച്ചാല്‍ പറന്നുപോകാന്‍ സാധ്യതയുള്ള ഒരു കുടില്‍. പ്രായമായ ഒരു സ്ത്രീയുടെ വീടാണിത്. ആ വീടിന് മുന്നില്‍ ഇരുന്നുകൊണ്ട് ഒരു പാത്രത്തില്‍ കമ്പുകൊണ്ടടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാക്കുകളെ ഏറ്റെടുത്തിരിക്കുകയാണ് അവര്‍. പ്രധാനമന്ത്രി തന്നെയാണ് ഈ ദൃശ്യങ്ങളടങ്ങിയ വീഡിയോ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

കൈയ്യടിച്ചും പാത്രങ്ങളില്‍ അടിച്ച് ശബ്ദമുണ്ടാക്കിയും രാജ്യത്ത് കൊറോണയ്ക്ക് എതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിക്കണമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ഞായറാഴ്ച ആഹ്വാനം ചെയ്തിരുന്നു. ഈ ആഹ്വാനം ഏറ്റെടുത്തുകൊണ്ടാണ് പ്രായമായ സ്ത്രീ തന്റെ കുടിലിനുമുന്നിലിരുന്നുകൊണ്ട് പാത്രങ്ങളില്‍ അടിച്ച് ശബ്ദമുണ്ടാക്കിയത്.

11 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ളതാണ് ഈ വീഡിയോ. ജനതാ കര്‍ഫ്യൂവിനെയുണ്ടായ ഈ ദൃശ്യങ്ങള്‍ ഹൈദരാബാദില്‍ നിന്നുള്ളതാണ്. ഈ അമ്മയുടെ വികാരത്തെയെങ്കിലും മാനിച്ച് ദയവായി വീടുകളില്‍ തന്നെ ഇരിക്കുക. ഇവര്‍ നമുക്ക് നല്‍കുന്ന സന്ദേശം ഇതാണ്- വീഡിയോയ്‌ക്കൊപ്പം പ്രധാനമന്ത്രി ഹിന്ദിയില്‍ ഇങ്ങനെ കുറിച്ചു.

പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി അന്ന് വീടുകളില്‍ കഴിഞ്ഞ ജനങ്ങള്‍ വൈകുന്നേരം കൈകള്‍ കൊട്ടിയും മണികള്‍ അടിച്ചും പാത്രത്തിലടിച്ച് ശബ്ദമുണ്ടാക്കിയും കൊറോണയ്ക്ക് എതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ കൊറോണ വ്യാപകമായതോടെ വിവിധ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങി.

Exit mobile version