കൊവിഡ് ബാധയെ തുടർന്ന് കോളേജ് അടച്ചു; ആഘോഷമാക്കാൻ ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട വിദ്യാർത്ഥി സംഘത്തിന് തിരുപ്പൂരിൽ ദാരുണാന്ത്യം

തിരുപ്പൂർ: തമിഴ്‌നാട്ടിലെ തിരുപ്പൂരിലുണ്ടായ അപകടത്തിൽ നാല് വിദ്യാർത്ഥികൾ ഉൾപ്പടെ അഞ്ച് പേർ മരിച്ചു. സേലത്തെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ അഞ്ച് വിദ്യാർത്ഥികളും ഡ്രൈവറുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.45ഓടെയായിരുന്നു അപകടം. പാരാമെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറ് ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്.

രാജേഷ് (21), ഇളവരശൻ (21), വെങ്കിടാചലം (21), വസന്ത് (21) എന്നിവരും കാർ ഡ്രൈവറായ മണികണ്ഠനെയുമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. പരിക്കേറ്റ സന്തോഷ് (22), കാർത്തിക് (21), ജയസൂര്യ (21) എന്നിവർ ചികിൽസയിൽ തുടരുകയാണ്. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കോളേജ് അടച്ചതിനാൽ വിദ്യാർത്ഥികൾ ഊട്ടിയിലേക്ക് ടൂർ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അവിനാശിയിലെ രംഗനഗറിനടുത്തു വെച്ചാണ് അപകടമുണ്ടായത്. അതിവേഗത്തിൽ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ട്രക്കിൽ വന്നിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു എന്നാണ് റിപ്പോർട്ട്. കാറിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് പോലീസ് വ്യക്തമാക്കി.

Exit mobile version