രണ്ടരക്കോടി രൂപ വെട്ടിച്ച് മുങ്ങിയ ബാങ്ക് ഉദ്യോഗസ്ഥയെയും ഭര്‍ത്താവിനേയും തേടി അലഞ്ഞ് പോലീസ്; ബംഗളൂരു അരിച്ചുപെറുക്കിയിട്ടും തുമ്പില്ലാതെ തിരിച്ചെത്തി

ബാങ്കില്‍ പണയ ഇടപാടുകളുടെ ചുമതലക്കാരിയായിരുന്ന സിസ് മോള്‍ 128 പേരുടെ സ്വര്‍ണ്ണ ഉരുപ്പടികളാണ് മുക്കുപണ്ടം മാറ്റിവച്ച് കവര്‍ന്നത്.

ആലുവ: രണ്ടരക്കോടി രൂപയുടെ സ്വര്‍ണ്ണവുമായി മുങ്ങിയ ബാങ്ക് ഉദ്യോഗസ്ഥയ്ക്കും ഭര്‍ത്താവിനുമായി കേരളാ പോലീസ് ബംഗളൂരുവില്‍ നടത്തിയ തെരച്ചില്‍ വിഫലം. മൂന്നു ദിവസത്തെ തെരച്ചിലിനുശേഷം ഇന്നലെ അന്വേഷണസംഘം മടങ്ങിയെത്തി. പ്രതികള്‍ താമസിച്ചിരുന്ന ഹോട്ടല്‍ കണ്ടെത്താന്‍ മാത്രമാണ് സാധിച്ചത്. കൂടുതല്‍ തുമ്പില്ലാതെ വലയുകയാണ് പോലീസ്.

യൂണിയന്‍ ബാങ്ക് ആലുവ ശാഖ അസിസ്റ്റന്റ് മാനേജര്‍ അങ്കമാലി സ്വദേശിനി സിസ് മോള്‍ (36), ഭര്‍ത്താവ് സജിത്ത് (40) എന്നിവരാണ് എട്ടു ദിവസമായി ഒളിവില്‍ കഴിയുന്നത്. കഴിഞ്ഞ 17 നാണ് ബാങ്കില്‍ നിന്നും നിക്ഷേപകരുടെ സ്വര്‍ണ്ണം പലപ്പോഴായി സിസ്‌മോള്‍ അടിച്ചുമാറ്റിയതായി കണ്ടെത്തിയത്. ബാങ്ക് ലോക്കറില്‍ മുക്കുപണ്ടം വെച്ച് പകരം സ്വര്‍ണ്ണം കവരുന്നതായിരുന്നു ഇവരുടെ രീതി. ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരമാണ് മോഷണമെന്നും തെളിഞ്ഞിട്ടുണ്ട്.

ഇവര്‍ നടത്തിയ തട്ടിപ്പു വിവരം പുറത്തുവന്നതോടെ ഇരുവരും ബംഗളൂരുവിലേക്കു മുങ്ങുകയായിരുന്നു. രണ്ടു ദിവസത്തിനുശേഷം അങ്കമാലിക്കു സമീപത്തെ ഒരു ബന്ധുവീട്ടില്‍ യുവതിയും ഭര്‍ത്താവുമെത്തിയതായി സൂചന ലഭിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്നാണ് പോലീസ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയത്.

ബാങ്കില്‍ പണയ ഇടപാടുകളുടെ ചുമതലക്കാരിയായിരുന്ന സിസ് മോള്‍ 128 പേരുടെ സ്വര്‍ണ്ണ ഉരുപ്പടികളാണ് മുക്കുപണ്ടം മാറ്റിവച്ച് കവര്‍ന്നത്. ലോക്കറിന്റെ താക്കോല്‍ സ്വര്‍ണപ്പണയ ഇടപാട് കൈകാര്യം ചെയ്യുന്നയാളുടെ കൈവശവും ബാങ്കിലും ഉണ്ടായിരിക്കും. തനിച്ച് ലോക്കര്‍ തുറക്കരുതെന്നും ചട്ടമുണ്ട്. ഇത്രയേറെ കവറുകളില്‍നിന്നു സ്വര്‍ണ്ണമെടുത്തു സമാനമായ തൂക്കത്തിലുള്ള റോള്‍ഡ് ഗോള്‍ഡ് തിരികെവയ്ക്കുന്നതിനു ദിവസങ്ങളെടുക്കും. ഇതിനു ബാങ്കിലെ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നു വ്യക്തമല്ല. പ്രതികളെ പിടികൂടിയാലെ ഇക്കാര്യത്തില്‍ വ്യക്തത വരൂ.

കവര്‍ന്നെടുത്ത സ്വര്‍ണാഭരണങ്ങളില്‍ ഏറെയും വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ പണയം വച്ചിരിക്കുകയാണ്. പ്രതികളുടെ കരയാംപറമ്പിലെ വാടകവീട്ടില്‍നിന്നു പോലീസ് കണ്ടെടുത്ത ഡയറിയില്‍ ഈ ബാങ്കുകളുടെ വിവരമുണ്ട്. ഓരോ ബാങ്കിലും വച്ചിട്ടുള്ളത് ആരുടെ സ്വര്‍ണ്ണമാണെന്നു വ്യക്തമായി എഴുതിയിട്ടുണ്ട്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ചത് ഡയറിയില്‍ രേഖപ്പെടുത്തിയതിനെ സാധൂകരിക്കുന്ന വിവരങ്ങളുമാണ്.

സ്വര്‍ണ്ണം വിറ്റും പണയപ്പെടുത്തിയും സമ്പാദിച്ച പണം സജിത്ത് ഓഹരി വിപണിയില്‍ നിക്ഷേപിച്ചെന്നാണ് സൂചന. പ്രതികള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഡിവൈഎസ്പി എന്‍ആര്‍ ജയരാജിന്റെ നിര്‍ദേശപ്രകാരം സിഐ വിശാല്‍ ജോണ്‍സണാണ് കേസന്വേഷിക്കുന്നത്.

Exit mobile version