കൊവിഡ് ഭീതിയില്‍ അസ്സം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാര്‍ച്ച് 29 വരെ അടച്ചു; എല്ലാ പരീക്ഷകളും മാറ്റിവെച്ചു

ദിസ്പൂര്‍; രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ആസ്സാമില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സ്‌കൂള്‍, കോളേജ്, സര്‍വകലാശാലകള്‍ എന്നിവയ്ക്ക് പുറമേ, ജിം, തീയറ്ററുകള്‍, സ്വിമ്മിംഗ് പൂള്‍ എന്നിവയൊന്നും തുറക്കരുതെന്ന് ആസ്സാം ചീഫ് സെക്രട്ടറി സജ്ഞയ് കൃഷ്ണ അറിയിച്ചു. മാര്‍ച്ച് 29 വരെ തുറക്കരുതെന്നാണ് ഉത്തരവ്.

കൂടാതെ എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. സ്റ്റേറ്റ് ബോര്‍ഡ്, സിബിഎസ്ഇ പരീക്ഷ ഉള്‍പ്പെടെയാണ് മാറ്റി വച്ചിരിക്കുന്നത്.അതെസമയം അസ്സമില്‍ ഇത് വരെ കൊവിഡ് 19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നേരത്തെ ഡല്‍ഹി ഗവണ്‍മെന്റും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 31 വരെയാണ് അവധി. സമാന രീതിയില്‍ കേരളത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കര്‍ണാടക, തമിഴ്‌നാട് പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിലെ സ്‌കൂളുകളും അടച്ചിട്ടുണ്ട്. അതിനിടെ രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 107 ആയി. മഹാരാഷ്ട്രയിലാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് രണ്ട് പേരാണ് ഇത് വരെ രാജ്യത്ത് മരിച്ചത്.

Exit mobile version