കൊവിഡ് 19; കര്‍ണാടകയില്‍ മരിച്ചയാളുടെ ബന്ധുക്കളുടെ അഭിമുഖമെടുത്ത മാധ്യമ പ്രവര്‍ത്തകരും ക്യാമറമാന്‍മാരും നിരീക്ഷണത്തില്‍

ബംഗലൂരു: കര്‍ണാടകത്തില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കളെ അഭിമുഖം നടത്തിയ മാധ്യമ പ്രവര്‍ത്തകരും ക്യാമറമാന്‍മാരും നിരീക്ഷണത്തില്‍. മതിയായ സുരക്ഷാ മുന്‍കരുതല്‍ പാലിക്കാതെയാണ് അഭിമുഖം എടുത്തതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. ഇവരോട് പതിനാല് ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

കല്‍ബുര്‍ഗിയില്‍ കൊവിഡ് ബാധിച്ചു മരിച്ചയാളുടെ കുടുംബാംഗങ്ങളുടെയും മകന്റെയും അഭിമുഖം പകര്‍ത്തിയിരുന്നു. കൂടാതെ സംസ്‌കാര ചടങ്ങുകളും ഇവര്‍ ചിത്രീകരിച്ചു. അതെസമയം ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് കര്‍ണാകടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

തിയറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, ഓഡിറ്റോറിയം എന്നിവയെല്ലാം അടച്ചിട്ടിരിക്കുകയാണ്. വിവാഹങ്ങളും പൊതുപരിപാടികളും കായിക മത്സരങ്ങളും മാറ്റിവെക്കണമെന്നും മുഖ്യമന്ത്രി യെദിയൂരപ്പ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഐടി ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെ എന്നാണ് സര്‍ക്കാര്‍ തീരുമാനം. മാര്‍ച്ച് ഇരുപത് വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.

വിദ്യാഭ്യാസ സ്ഥാനപങ്ങള്‍ പതിനഞ്ച് ദിവസത്തേക്ക് അടച്ചിട്ടു. സര്‍വകലാശാലകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. ആളുകൂടുന്ന ഇടങ്ങളിലെല്ലാം മുന്‍കരുതല്‍ ശക്തമാക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

Exit mobile version