കൊവിഡ് 19; റോം, മിലാന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി

ന്യൂഡല്‍ഹി: കൊവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ റോം, മിലാന്‍ എന്നിലവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇതിനു പുറമെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പുതുക്കിയ യാത്രാ നിര്‍ദേശം പുറപ്പെടുവിച്ചു. നയതന്ത്ര, ഔദ്യോഗിക, അന്താരാഷ്ട്ര ഓര്‍ഗനൈസേഷനുകള്‍, തൊഴില്‍, പ്രോജക്റ്റ് വിസകള്‍ ഒഴികെയുള്ള നിലവിലുള്ള എല്ലാ വിസകളും ഏപ്രില്‍ 15 വരെ താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

അതേസമയം കൊവിഡ് 19 വൈറസ് ബാധയെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിവേഗം ആളുകളിലേക്ക് രോഗം പകരുന്ന നിലയായതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു പ്രഖ്യാപനം. നൂറിലധികം രാജ്യങ്ങളിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇറ്റലിയില്‍ മാത്രം കഴിഞ്ഞ ദിവസം 200 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 897 ആയി. ചൈനയ്ക്ക് പുറമെ വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ചത് ഇറ്റലിയെയാണ്.

Exit mobile version