കോൺഗ്രസിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ; സ്വാഗതമോതി അധ്യക്ഷൻ ജെപി നദ്ദ

ന്യൂഡൽഹി: മധ്യപ്രദേശിലെ രാഷ്ട്രീയ നാടകങ്ങൾക്കിടയിൽ കോൺഗ്രസ് വിട്ട യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നു. ന്യൂഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദയിൽ നിന്നും സിന്ധ്യ ബിജെപി അംഗത്വം സ്വീകരിച്ചു. സിന്ധ്യയ്ക്കൊപ്പം കോൺഗ്രസിൽ നിന്നും രാജിവെച്ച എംഎൽഎമാരും ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല. അതേസമയം, സിന്ധ്യയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ പറഞ്ഞു.

പാർട്ടിയിലേക്ക് തന്നെ ക്ഷണിച്ച നേതാക്കൾക്ക് നന്ദി പറയുന്നുവെന്ന് അംഗത്വം സ്വീകരിച്ചതിനു ശേഷം സിന്ധ്യ പറഞ്ഞു. പ്രധാനമന്ത്രി മോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും അധ്യക്ഷൻ ജെപി നദ്ദയും എന്നെ അവരുടെ കുടുംബത്തിലേക്ക് ക്ഷണിച്ചു, ഒരു സ്ഥാനം നൽകി. അതിന് താൻ നന്ദി പറയുന്നു. ജീവിതത്തെ മാറ്റിമറിച്ച രണ്ട് സംഭവങ്ങളാണ് എനിക്കുണ്ടായിട്ടുള്ളത്. ഒന്ന് അച്ഛന്റെ മരണം, രണ്ടാമത്തേത് ബിജെപിയിൽ ചേർന്നുകൊണ്ട് പുതിയ ചുവടുവെക്കാൻ തീരുമാനിച്ചത്. മുമ്പുണ്ടായിരുന്ന കോൺഗ്രസ് പാർട്ടിയല്ല ഇപ്പോഴുള്ളത്. പൊതുജനസേവനം നടത്താൻ ഇനി ആ പാർട്ടിക്ക് സാധിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അത് ഇനിയൊരിക്കലും സാധിക്കില്ലെന്നാണ് പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ സൂചിപ്പിക്കുന്നതെന്നും സിന്ധ്യ കുറ്റപ്പെടുത്തി.

ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കു രാജിക്കത്തയച്ചത്. തൊട്ടുപിന്നാലെ സിന്ധ്യയെ പാർട്ടിയിൽനിന്നു പുറത്താക്കുന്നതായി കോൺഗ്രസ് പത്രക്കുറിപ്പിറക്കിയിരുന്നു. തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരിൽ 18 പേരെ തിങ്കളാഴ്ച പ്രത്യേകവിമാനത്തിൽ ബംഗളൂരുവിലെ റിസോർട്ടുകളിലെത്തിച്ചാണ് സിന്ധ്യ രാഷ്ട്രീയനാടകം ആരംഭിച്ചത്. ഇവരും രാജിക്കത്ത് കോൺഗ്രസിന് കൈമാറിയിട്ടുണ്ട്.

Exit mobile version