ജ്യോതിരാദിത്യ സിന്ധ്യ മോഡിയെ കണ്ടു; എംഎൽഎമാരെ ബിജെപിയുടെ കർണാടകയിലേക്ക് മാറ്റി;വീഴുമോ കമൽനാഥും കോൺഗ്രസും; ആശങ്ക

ന്യൂഡൽഹി: വീണ്ടും രാജ്യത്ത് കൂറുമാറ്റവും സർക്കാരിന്റെ വീഴ്ചയും സംഭവിക്കാൻ പോകുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ച് മധ്യപ്രദേശ് രാഷ്ട്രീയം. കോൺഗ്രസിനുള്ളിലെ പൊട്ടിത്തെറി സംസ്ഥാനം ഭരിക്കുന്ന കമൽനാഥ് സർക്കാരിന്റെ വീഴ്ചയിലേക്ക് എത്തുമെന്നാണ് സൂചനകൾ. വിമതനായി തുടരുന്ന ജ്യോതിരാദിത്യ സിന്ധ്യ നടത്തിയ അപ്രതീക്ഷിത നീക്കം കോൺഗ്രസിന്റെ ചങ്കിടിപ്പ് വർധിപ്പിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ജോതിരാദിത്യ സിന്ധ്യ കൂടിക്കാഴ്ച നടത്തിയാണ് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നത്.

ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കൊപ്പമാണ് സിന്ധ്യ മോഡിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. പാർട്ടിയിൽ കമൽനാഥിന്റെ മുഖ്യ എതിരാളിയായ സിന്ധ്യ മധ്യപ്രദേശ് കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനം മോഹിച്ചിരുന്നെങ്കിലും നേതൃത്വം പരിഗണിച്ചിരുന്നില്ല. പിന്നീട് രാജ്യസഭാ എംപി സ്ഥാനത്തിനായി ശ്രമിച്ചപ്പോഴും കോൺഗ്രസ് നേതൃത്വം പോസിറ്റീവായി പ്രതികരിക്കാത്തതാണ് സിന്ധ്യയെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതോടെയാണ് തന്റെ പക്ഷത്തുള്ള 18 എംഎൽഎമാരുമായി വിമത നീക്കത്തിൻ സിന്ധ്യ ഇറങ്ങി തിരിക്കാൻ കാരണമായത്. ഈ മാസം അവസാനം നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലെ സ്ഥആനാർത്ഥിത്വം ഉറപ്പിക്കാനാണ് സിന്ധ്യയുടെ ഈ നീക്കങ്ങൾ എ്‌നനു കരുതിയിരുന്നെങ്കിലും അപ്രതീക്ഷിതമായി ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത് കോൺഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കോൺഗ്രസ് തയ്യാറായില്ലെങ്കിൽ കൂറുമാറി ബിജെപിയിൽ ചേരാൻ സിന്ധ്യ മടിക്കില്ല എന്നാണു സൂചന. പുതിയ നീക്കങ്ങളോടെ സിന്ധ്യ ബിജെപിയിലേക്കു ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്കും ചൂടേറുകയാണ്.

അതേസമയം, സിന്ധ്യയുടെ തിരക്കിട്ട രാഷ്ട്രീയനീക്കത്തെ നേരിടേണ്ടതെങ്ങനെയെന്ന് ആലോചിക്കാൻ കോൺഗ്രസ് യോഗം വിളിച്ചു. രാഹുൽ ഗാന്ധിയാണ് ഡൽഹിയിൽ മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചത്. മുതിർന്ന നേതാക്കൾക്ക് ആർക്കും തന്നെ സിന്ധ്യയുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന് ‘പന്നിപ്പനി’ ആണെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നതെന്നും മുതിർന്ന നേതാവും എംപിയുമായ ദിഗ്വിജയ് സിങ് തിങ്കളാഴ്ച രാത്രി മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

സിന്ധ്യയെ അനുകൂലിക്കുന്ന 18 എംഎൽഎമാരാണു പാർട്ടിയിൽ കലഹമുണ്ടാക്കുന്നത്. ഇതിൽ ആറു മന്ത്രിമാരും ഉൾപ്പെടും. ഇവരെ ബിജെപി ഭരിക്കുന്ന കർണാടകയിലെ ബംഗളൂരുവിലേക്കു മാറ്റിയെന്നാണു വിവരം. ഇതേത്തുടർന്നു രാത്രി വൈകി കമൽനാഥിനു മന്ത്രിസഭായോഗം നടത്തേണ്ടി വന്നു. മന്ത്രിസഭ വികസിപ്പിക്കാൻ തീരുമാനിക്കുകയും ഇതിന്റെ ഭാഗമായി. കമൽനാഥിൽ വിശ്വാസം അർപ്പിച്ച് 22 മന്ത്രിമാർ രാജിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, തന്റെ സർക്കാരിനെ അട്ടിമറിക്കാനുള്ള അധാർമിക മാർഗമാണ് ബിജെപി നടത്തുന്നതെന്ന് കമൽനാഥ് ആരോപിച്ചു.

എന്നാൽ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ തങ്ങളൊന്നും ചെയ്യുന്നില്ലെന്നും ഇതു കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നുമാണ് മുൻമുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ പ്രതികരിച്ചത്.

Exit mobile version