കൊറോണ ലക്ഷണങ്ങളുമായി സൗദിയില്‍ നിന്നെത്തിയ ബംഗാള്‍ സ്വദേശി മരിച്ചു; സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിച്ച് അന്ത്യകര്‍മം; കുടുംബാംഗങ്ങളെ മൃതശരീരത്തില്‍ സ്പര്‍ശിക്കാന്‍ അനുവദിക്കില്ല

കൊല്‍ക്കത്ത: കൊറോണ ലക്ഷണങ്ങളുമായി സൗദി അറേബ്യയില്‍ നിന്ന് മടങ്ങിയെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി മരിച്ചു. ജനാറുള്‍ ഹഖ് എന്നയാളാണ് പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിക്കെ മരിച്ചത്. പ്രമേഹം ഗുരുതരമായതാവം മരണകാരണമെന്ന് സംശയിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

കൊറോണ ലക്ഷണങ്ങളുമായി സൗദി അറേബ്യയില്‍ നിന്ന് മടങ്ങിയെത്തിയ ഹഖ് നാലു ദിവസമായി ചികിത്സയിലായിരുന്നു. കടുത്ത പ്രമേഹ രോഗി കൂടിയായിരുന്നു ഇയാള്‍. പനിയും ചുമയും ജലദോഷവും അനുഭവപ്പെട്ടതോടെ കൊറോണബാധ സംശയിച്ചതിനെ തുടര്‍ന്ന് ജനാറുള്‍ ഹഖിനെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.

ശരീരസ്രവങ്ങള്‍ പരിശോധനയ്ക്കയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഹഖിന് കൊറോണബാധ സ്ഥിരീകരിച്ചിട്ടില്ല. കൊറോണ വൈറസ് ബാധയല്ല മരണകാരണമെന്നും പ്രമേഹം ഗുരുതരമായാതാവാമെന്നും മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ അറിയിച്ചു. പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അധികൃതര്‍ പ്രതിരോധനടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളെ മൃതശരീരത്തില്‍ സ്പര്‍ശിക്കാനനുവദിക്കില്ലെന്നും സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിച്ച് മാത്രമേ അന്ത്യമകര്‍മങ്ങള്‍ നടത്താന്‍ അനുവാദം നല്‍കുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.

Exit mobile version