‘എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വനിതകള്‍ക്കായി നല്‍കുന്നു’; വനിത ദിനത്തില്‍ പറഞ്ഞ വാക്ക് പാലിച്ച് മോഡി

ന്യൂഡല്‍ഹി: ലോക വനിതാ ദിനാഘോഷത്തിലാണ് രാജ്യം. അതിനിടെ വനിത ദിനത്തില്‍ തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വനിതകള്‍ക്കായി മാറ്റിവെയ്ക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ വാക്ക് പാലിച്ചു. ജീവിതത്തില്‍ വിജയികളായ 7 വനിതകള്‍ക്കായാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രധാനമന്ത്രി മാറ്റിവെച്ചത്.

‘അന്താരാഷ്ട്ര വനിതാദിനത്തിന് ആശംസകള്‍! സ്ത്രീശക്തിയുടെ ഉത്സാഹത്തിനും വിജയങ്ങള്‍ക്കും ഞങ്ങള്‍ അഭിവാദ്യം അര്‍പ്പിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞതുപോലെ, ഞാന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് സൈന്‍ ഓഫ് ചെയ്യുന്നു. എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വനിതകള്‍ക്കായി നല്‍കുന്നു”- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

”സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെ ദിവസം മുഴുവന്‍ വിജയം കൈവരിച്ച ഏഴ് വനിതകള്‍ അവരുടെ ജീവിത യാത്രകള്‍ പങ്കുവെക്കുകയും സംവദിക്കുകയും ചെയ്യും. വിവിധ മേഖലകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച ഒരുപാട് വനിതകള്‍ ഉണ്ട്. അവരുടെ സ്വപ്നങ്ങളും അതിനുവേണ്ടിയുള്ള പോരാട്ടങ്ങളും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നതാണ്. അത്തരം സ്ത്രീകളുടെ വിജയങ്ങള്‍ ആഘോഷിക്കുന്നതും അവരില്‍ നിന്ന് പഠിക്കുന്നതും നമുക്ക് തുടരാം, ”പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

വനിതാദിനത്തില്‍ ആദ്യമായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത് ഫുഡ്ബാങ്ക് ഇന്ത്യയുടെ സ്ഥാപക സ്‌നേഹ മോഹന്ദോസിനെക്കുറിച്ചാണ്. സ്‌നേഹയുടെ വീഡിയോയും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. പതിമൂന്നാം വയസ്സില്‍ ബോംബ് സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ഒരു കൈ നഷ്ടപ്പെടുകയും ചെയ്ത ഡോ.മാളവിക അയ്യരെ കുറിച്ചാണ് രണ്ടാമത്തെ ട്വീറ്റ്. നിരവധി പേരാണ് ട്വീറ്റുകള്‍ക്ക് പ്രതികരണം അറിയിച്ചത്.

Exit mobile version