ബൈക്കില്ലാത്തവനെന്ന് പരിഹസിച്ചു; കാമുകിയുടെ വാക്കുകളില്‍ മനംനൊന്ത് കാമുകന്‍ ‘സ്വന്തമാക്കിയത്’ എട്ട് ബൈക്കുകള്‍, ഒടുവില്‍ ജയിലിലും

ന്യൂഡല്‍ഹി: പ്രണയദിനത്തില്‍ ബൈക്ക് ഇല്ലാത്തവനെന്ന കാമുകിയുടെ പരിഹാസത്തില്‍ മനംനൊന്ത് കാമുകന്‍ മോഷ്ടിച്ചത് എട്ട് ബൈക്കുകള്‍. സുഹൃത്തിനെയും കൂടക്കൂട്ടിയായിരുന്നു മോഷണം. സംഭവത്തില്‍ ലളിത്, സഹീദ് എന്നിവര്‍ അറസ്റ്റിലാവുകയും ചെയ്തു. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് ബൈക്കില്ലാത്തതിന്റെ പേരില്‍ ലളിതിനെ കാമുകി പരിഹസിച്ചത്.

പരിഹാസത്തേ തുടര്‍ന്ന് ഒന്നിലധികം ബൈക്കുകള്‍ സ്വന്തമാക്കാന്‍ മോഷ്ടിക്കുക എന്ന തീരുമാനത്തിലേക്ക് ലളിത് എത്തുകയായിരുന്നു. ശേഷം സുഹൃത്ത് സഹീദിനെയും കൂട്ടി ബൈക്കുകള്‍ മോഷ്ടിച്ചു. എന്നാല്‍ എട്ട് ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച് അടുത്തതിന് പദ്ധതിയിടുന്നതിനിടെ ദ്വാരക ഏരിയയില്‍ നിന്ന് പോലീസിന്റെ പ്രത്യേക സംഘത്തിന്റെ പിടിയിലാവുകയായിരുന്നു.

ബൈക്കുകള്‍ മോഷണം പോകുന്ന പരാതികള്‍ വന്നതോടെ നടത്തിയ അന്വേഷണത്തില്‍ രണ്ടുപേരാണ് മോഷണങ്ങള്‍ക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തി. ഇതിനിടെയാണ് നമ്പര്‍പ്ലേറ്റ് ഇല്ലാതെ ലക്ഷങ്ങള്‍ വിലയുള്ള ബൈക്കുകളിലൊന്നില്‍ രണ്ടുപേര്‍ സഞ്ചരിക്കുന്ന വിവരം പോലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഏഴോളം ബൈക്കുകള്‍ മോഷ്ടിച്ചുവെന്ന് ഇവര്‍ വെളിപ്പെടുത്തി.

Exit mobile version