കൊറോണ പടരുന്നു: സൈനിക ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദേശം; ജനക്കൂട്ടത്തിലേക്ക് പോകുന്നതിന് വിലക്ക്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കൂടുതൽ പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സൈനിക ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാൻ പ്രതിരോധ മന്ത്രാലയം നിർദേശിച്ചു. ഉന്നത ഉദ്യോഗസ്ഥരോട് ജനങ്ങൾ ധാരാളം തിങ്ങിനിറയുന്ന സ്ഥലങ്ങളിൽ പോകരുതെന്നും അത്യാവശ്യമല്ലാത്ത വിദേശയാത്രകൾ കർശനമായി ഒഴിവാക്കണമെന്നുമാണ് നിർദേശം. പ്രതിരോധ മന്ത്രാലയമാണ് രോഗപ്രതിരോധത്തിനായുള്ള മുൻകരുതൽ നിർദ്ദേശം നൽകിയിരിക്കുന്നത്.

എല്ലാ സൈനികർക്കും അവരവരുടെ കേന്ദ്രങ്ങളിൽ കർശനമായ വൈദ്യപരിശോധന നടത്തിക്കഴിഞ്ഞു. നിലവിൽ കടുത്ത ജലദോഷമോ മറ്റ് ബുദ്ധിമുട്ടുകളോ അനുഭവിക്കുന്നവർ പ്രത്യേകമായ പരിശോധനക്ക് വിധേയരാകാനും നിർദേശം നൽകിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ കരസേനയും നാവിക സേനയും വ്യോമസേനയും പ്രത്യേക മുൻകരുതൽ നിർദേശങ്ങളും അതാത് സൈനിക വിഭാഗത്തിന് ലഭ്യമാക്കിയിട്ടുണ്ട്.

സൈനികരോട് കൂടുതൽ ജനങ്ങൾ വന്നുപോകുന്ന സ്ഥലങ്ങളിൽ പോകരുതെന്ന നിർദേശത്തിൽ സിനിമാ തീയ്യേറ്റർ, ആഘോഷങ്ങൾ എന്നിവയും ഉൾപ്പെടുന്നു. പൊതുവേ വലിയ ആഘോഷങ്ങൾക്കെല്ലാം ഡൽഹിയിൽ നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു.

Exit mobile version