ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി; രാജ്യം കനത്ത ജാഗ്രതയില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നതായി ആരോഗ്യവകുപ്പ്. ഇറ്റലിയില്‍ നിന്നും ജയ്പുരില്‍ വന്ന വിനോദ സഞ്ചാരിക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ രാജ്യം കടുത്ത ജാഗ്രതയിലാണ്.വൈറസ് ബാധ കണക്കിലെടുത്ത് ആരോഗ്യ മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

എയര്‍ ഇന്ത്യ വിമാനത്തില്‍ വിയന്നയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് യാത്ര ചെയ്ത ഒരു യാത്രക്കാരന് കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ എയര്‍ ഇന്ത്യ ആ വിമാനത്തിലെ യാത്രക്കാരോട് നിര്‍ദ്ദേശിച്ചു. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്.

അതേസമയം കൊറോണ വൈറസ് ബാധയെ ഭയപ്പെടേണ്ടെന്ന് പ്രധനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററില്‍ കുറിച്ചു. ഭയക്കേണ്ട യാതൊരു ആവശ്യവുമില്ല. നാം യോജിച്ചു പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. സ്വന്തം സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ചെറുതെങ്കിലും പ്രാധാന്യമുള്ള മുന്കരുതലുകള് സ്വീകരിക്കുകയാണ് വേണ്ടത് – പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Exit mobile version