വെറുപ്പാണ് ഉപേക്ഷിക്കേണ്ടത്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളല്ല; മോഡിയുടെ പ്രസ്താവനയോട് പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വെറുപ്പാണ് ഉപേക്ഷിക്കേണ്ടത്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളല്ല എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ പ്രതികരിച്ചത്.

മോഡിയുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൌധരിയും രംഗത്ത് വന്നിരുന്നു. രാജ്യത്ത് ആളിക്കത്തുന്ന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നീക്കമെന്ന് അധിര്‍ രഞ്ജന്‍ ചൌധരി പറഞ്ഞു. ആ തന്ത്രത്തിന്റെ ഭാഗമാണ് സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാനുള്ള നീക്കമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്ന കാര്യം ആലോചിക്കുന്നുവെന്നാണ് പ്രധാനമന്ത്രി ഇന്നലെ ട്വീറ്റ് ചെയ്തത്.

Exit mobile version