എല്ലാം തകർത്ത് കൊറോണ; പാരസെറ്റമോളിന്റെ വില ഇന്ത്യയിൽ കുതിച്ചുയർന്നു

മുംബൈ: കൊറോണ വൈറസ് ബാധ ചൈനയെ സകല മേഖലകളേയും തകർത്തതിന് പിന്നാലെ ഇന്ത്യയിലും അതിന്റെ അലയൊലികൾ. ഇന്ത്യയിൽ പാരസെറ്റമോളിന്റെ വിലയിലും വൻകുതിപ്പാണ് രേഖപ്പെടുത്തുന്നത്. 40 ശതമാനത്തോളം വിലവർധനവാണ് പാരസെറ്റമോളിന് ഉണ്ടായിരിക്കുന്നത്. ചൈനയിലെ വ്യവസായിക രംഗം കൊറോണ ബാധയെ തുടർന്ന് മന്ദഗതിയിലായതാണ് അസംസ്‌കൃത വസ്തുക്കൾക്ക് ഉൾപ്പടെ ചൈനയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്കും തിരിച്ചടിയായത്.

ചൈനയുടെ വ്യവസായ രംഗം അടച്ചുപൂട്ടലിന്റെ വക്കിലാണ്. സപ്ലൈ ചെയിൻ തടസങ്ങളിൽ അകപ്പെട്ടതിനാൽ മൊബൈൽ ഫോണുകൾ മുതൽ മരുന്നുകൾ വരെയുള്ളവയുടെ ഉത്പാദനത്തിൽ വലിയ ഇടിവിന് കാരണമായിരിക്കുകയാണ്. ഇതിനെത്തുടർന്നാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വേദനസംഹാരിയായ പാരസെറ്റമോളിന്റെ വില ഇന്ത്യയിൽ 40% ഉയർന്നത്. വിവിധതരം ബാക്ടീരിയ അണുബാധകൾ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കായ അസിട്രോമിസൈനിന്റെ വില ഉയർന്നത് 70 ശതമാനത്തോളമാണെന്നാണ് റിപ്പോർട്ട്.

ചൈന ആസ്ഥാനമായുള്ള പല നിർമ്മാതാക്കളും ഫാക്ടറികളിൽ നിർമ്മാണപ്രവർത്തനങ്ങൾ കുറച്ചതോടെ, ചില അസംസ്‌കൃത വസ്തുക്കൾക്കായും ഉത്പന്നങ്ങൾക്കുമായും ചൈനയെ ആശ്രയിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളും അനിശ്ചിതത്വം നേരിടുകയാണ്.

Exit mobile version