കെജരിവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ക്ഷണിക്കപ്പെട്ട 50 വിശിഷ്ടാതിഥികളും എത്തി; മോഡി പങ്കെടുത്തില്ല

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജരിവാൾ മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനത്ത് നടന്ന ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജലാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. കെജരിവാൾ മന്ത്രിസഭയിൽ മനീഷ് സിസോദിയ, സത്യേന്ദർ ജെയ്ൻ, ഗോപാൽറായ്, കൈലാഷ് ഗെഹ്‌ലോട്ട്, ഇമ്രാൻ ഹുസൈൻ, രാജേന്ദ്ര ഗൗതം എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളാണ് എല്ലാവരും.

അതേസമയം, സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. വാരണാസിയിൽ സന്ദർശനത്തിലാണ് പ്രധാനമന്ത്രി. ഇതര സംസ്ഥാന മുഖ്യമന്ത്രിമാരെയും നേതാക്കളെയും വിളിച്ചിട്ടില്ല. ഡൽഹിയുടെ മാറ്റത്തിന് ചുക്കാൻപിടിച്ച, വിവിധ മേഖലകളിൽനിന്നുള്ള അമ്പതോളം പേരാണ് സത്യപ്രതിജ്ഞാ ചടങ്ങിലെ വിശിഷ്ടാതിഥികൾ. ഇവർ കെജരിവാളിനൊപ്പം വേദി പങ്കിട്ടു. ബിജെപിയുടെ എട്ട് എംഎൽഎമാരടും ചടങ്ങിനെത്തി. 70-ൽ 62 സീറ്റുകൾ നേടിയാണ് ആം ആദ്മി പാർട്ടി അധികാരം നിലനിർത്തിയത്.

അധ്യാപകർ, ജയ് ഭീം പദ്ധതിയിലെ ഗുണഭോക്താക്കളായ വിദ്യാർത്ഥികൾ, മൊഹല്ല ക്ലിനിക്കിലെ ഡോക്ടർമാർ, ബസ് മാർഷൽമാർ, സിഗ്‌നേച്ചർ പാലത്തിന്റെ ശില്പികൾ, ജോലിക്കിടയിൽ ജീവൻ നഷ്ടപ്പെട്ട അഗ്നിരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ, ബൈക്ക് ആംബുലൻസ് ഡ്രൈവർമാർ, ശുചീകരണത്തൊഴിലാളികൾ, വീട്ടുപടിക്കൽ സേവനമെത്തിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങളിൽനിന്നുള്ളവരാണ് കെജരിവാളിന്റെ ക്ഷണിക്കപ്പെട്ട അതിഥികൾ. ‘മിനി മഫ്‌ളർമാൻ’ ആയി സോഷ്യൽമീഡിയയഉടെ മനംകവർന്ന ഒരുവയസ്സുകാരൻ അവ്യാൻ തോമറും ചടങ്ങിനെത്തി.

Exit mobile version