സോണിയാ ഗാന്ധിക്കും കുടുംബത്തിനും ഇനി വരി നിന്ന് പരിശോധനയ്ക്ക് ശേഷം മാത്രം വിമാന യാത്ര; ഇളവുകൾ ഒഴിവാക്കി കേന്ദ്രം

ന്യൂഡൽഹി: ഇനി മുതൽ സാധാരണക്കാരായ മറ്റ് യാത്രക്കാരെ പോലെ തന്നെ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും വരി നിന്ന് ദേഹ പരിശോധനയ്ക്ക് ശേഷം വിമാനത്തിൽ കയറേണ്ടി വരും. എസ്പിജി സുരക്ഷ പിൻവലിച്ചതിന് പിന്നാലെ ഗാന്ധി കുടുംബത്തിനുളള എയർപോർട്ട് പ്രിവിലേജുകളും ഒഴിവാക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് പരിശോധനയില്ലാതെ വിമാനത്തിൽ കയറാനുള്ള ഇളവുകളാണ് വിമാനത്താവള അധികൃതരുടെ നിർദേശത്തോടെ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നീക്കം നത്തുന്നത്. എസ്പിജി സുരക്ഷ ഒഴിവാക്കിയ നടപടിയുടെ തുടർച്ചയാണിത്.

അടുത്ത കാലത്ത് ഗാന്ധി കുടുംബത്തിന് വലിയ സുരക്ഷ ഭീഷണികൾ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നവംബറിലാണ് ഗാന്ധി കുടുംബത്തിനുള്ള എസ്പിജി സുരക്ഷ കേന്ദ്രസർക്കാർ പിൻവലിച്ചത്. എന്നാലിത് ഗാന്ധി കുടുംബത്തിന് എതിരായ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന ആരോപണം ശക്തമായിരുന്നു. ഇതിനിടയിലാണ് കുടുംബത്തിന് ലഭിക്കുന്ന ഇളവുകൾ ഓരോന്നും വെട്ടിക്കുറക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞാൽ നരേന്ദ്ര മോഡിയ്ക്കും സുരക്ഷ ലഭിക്കില്ലെന്നായിരുന്നു പാർലമെന്റിൽ പ്രതിപക്ഷം ഉയർത്തിയ വിമർശനങ്ങൾക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകിയത്.

ഇതിനിടെയാണ് ഗാന്ധി കുടുംബത്തിന് നൽകുന്ന ഇളവുകൾ ഒഴിവാക്കാനായി വ്യോമയാന സുരക്ഷാ ബ്യൂറോ ശുപാർശ നൽകിയിരിക്കുന്നത്. നടപടി കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ സാധാരണ യാത്രക്കാരെ പോലെ വരി നിന്ന് ദേഹ പരിശോധനയ്ക്ക് വിധേയരായി മാത്രമേ ഗാന്ധി കുടുംബത്തിനും വിമാന യാത്ര ചെയ്യാനാകൂ. കേന്ദ്രമന്ത്രിമാർ, ചീഫ് ജസ്റ്റിസ്, മുൻ പ്രധാനമന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ എന്നിവർ സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് വിമാന യാത്ര നടത്തുന്നതെന്നാണ് വിമാനത്താവള അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ഇതോടൊപ്പം ഗാന്ധി കുടുംബത്തിന് വിമാനത്തിന് അടുത്തുവരെ കാറിൽ എത്താനുള്ള അനുമതിയും ഇല്ലാതാകും.

അതേസമയം, എസ്പിജി സുരക്ഷ പിൻവലിച്ചതിനുശേഷവും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും ഗാന്ധി കുടുംബാംഗങ്ങൾ അനൗദ്യോഗികമായി ഇളവുകൾ അനുവദിക്കുന്നുണ്ട്.

Exit mobile version