നികുതിയടയ്ക്കാന്‍ ബാക്കിയുള്ളവര്‍ നമ്മുടെ രാജ്യത്തിന്റെ വികസനത്തിനായി ഉടന്‍ അത് അടച്ചുതീര്‍ക്കൂ; മോഡി

ന്യൂഡല്‍ഹി: രാജ്യത്ത് നികുതിയടക്കാന്‍ ബാക്കിയുള്ളവര്‍ ഇന്ത്യയുടെ വികസനത്തിനായി ഉടന്‍ അത് അടച്ചുതീര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുന്‍സര്‍ക്കാരുകള്‍ തൊടാന്‍ മടിച്ച രാജ്യത്തെ നികുതിസമ്പ്രദായം ഇപ്പോഴത്തെ സര്‍ക്കാര്‍ കൂടുതല്‍ പൗരകേന്ദ്രീകൃതമാക്കിയെന്നും മോഡി വ്യക്താക്കി.

ബുധനാഴ്ച നടന്ന ടൈംസ് നൗ ഉച്ചകോടിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. പലരും നികുതിയടക്കാന്‍ മടിക്കുകയാണെന്നും നികുതിയടയ്ക്കാന്‍ ബാക്കിയുള്ളവര്‍ നമ്മുടെ രാജ്യത്തിന്റെ വികസനത്തിനായി ഉടന്‍ അത് അടച്ചുതീര്‍ക്കണമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

എപ്പോഴും ചിലര്‍ നികുതിവെട്ടിക്കാന്‍ വഴികള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. നികുതി വെട്ടിക്കുന്നവര്‍ അതിന്റെ ബാധ്യത മുഴുവന്‍ സത്യസന്ധമായി നികുതിയടയ്ക്കുന്നവരുടെ തലയിലാക്കുകയും ചെയ്യുന്നുവെന്നും കേന്ദ്രബജറ്റ് അഞ്ചുലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സഹായിക്കുമെന്നും മോഡി പറഞ്ഞു.

രാജ്യത്ത് ഒരുകോടി വാര്‍ഷികവരുമാനമുണ്ടെന്ന് വെളിപ്പെടുത്തിയവര്‍ 2200 പേര്‍ മാത്രമാണെന്നതാണു ശരി. ഇക്കാര്യം വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിക്കാമെന്നും ഇനി ഇന്ത്യ നേരം കളയില്ല, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുമെന്നും മോഡി പ്രസംഗത്തില്‍ വ്യക്തമാക്കി.

Exit mobile version