പ്രതീക്ഷിച്ചപോലെ തന്നെ വിജയം നേടി ആം ആദ്മി പാര്‍ട്ടി; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ക്കൊടുവില്‍ ഡല്‍ഹിയില്‍ വന്‍ ഭൂരിപക്ഷം നേടി വീണ്ടും വിജയക്കൊടി പാറിച്ചിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. വിജയത്തിന് പിന്നാലെ എഎപി ഉടന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാനെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് നേതാക്കളുടെ യോഗം വിളിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കും. ഉടന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാനെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയരായി മാറിയ എഎപിയുടെ സ്ഥാനാര്‍ഥികളായിരുന്ന അതിഷി മര്‍ലേന, രാഘവ് ചന്ദ തുടങ്ങിയവര്‍ക്ക് മന്ത്രി പദം നല്‍കിയേക്കും.

അതിഷി മര്‍ലേനക്ക് വിദ്യാഭ്യാസവും രാഘവ് ചന്ദക്ക് മറ്റേതെങ്കിലും സുപ്രധാന വകുപ്പും ലഭിക്കുമെന്നാണ് സൂചനകള്‍. സത്യപ്രതിജ്ഞ ഈ ആഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെരഞ്ഞെടുപ്പില്‍ എഎപി വിജയം ഉറപ്പിച്ചിരുന്നതിനാല്‍ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് നേതാക്കള്‍ തമ്മില്‍ പ്രാഥമിക ആശയ വിനിമയം നടത്തിയിട്ടുണ്ട്.

മനീഷ് സിസോദിയ, ഗോപാല്‍ റായ്, സോംനാഥ് ഭാരതി, തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് ധനം, പ്ലാനിങ്, അടക്കമുള്ള വകുപ്പുകള്‍ നല്‍കിയേക്കും. ബിജെപിക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ടായിരുന്നു ഇത്തവണ ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ജയിച്ചുകയറിയത്.

Exit mobile version