തകർന്നടിഞ്ഞു; എല്ലാ സീറ്റിലും മൂന്നാം സ്ഥാനത്ത്; എങ്കിലും ബിജെപി പരാജയപ്പെട്ടതിൽ സന്തോഷമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും ലീഡ് ടോനാകാതെ എല്ലായിടത്തും മൂന്നാംസ്ഥാനത്തേക്ക് ഒതുങ്ങി പോയിട്ടും സന്തോഷമെന്ന് പ്രതികരിച്ച് കോൺഗ്രസ്. ഡൽഹിയിലെ ഭരണത്തിന്റെ താക്കോൽ ആം ആദ്മിയുടെ കൈകളിൽ തന്നെ ഭദ്രമായിരിക്കും എന്നും ബിജെപി പ്രതിപക്ഷത്ത് ഇരിക്കട്ടെയെന്നുമാണ് തെളിഞ്ഞിരിക്കുന്ന ജനവിധി. ഒരു സീറ്റിൽ പോലും ലീഡ് കണ്ടെത്താനാകാതെയാണ് കോൺഗ്രസ് തകർന്നടിഞ്ഞത്. എന്നാൽ ബിജെപിക്ക് ഭരണം ലഭിക്കാതെ പോയതിൽ സന്തോഷമെന്നാണ് കോൺഗ്രസിന് പ്രതികരിക്കാനുള്ളത്.

മൂന്ന് തവണയായി പതിനഞ്ച് വർഷത്തോളം ഡൽഹി ഭരിച്ച പാർട്ടിയായിട്ടുപോലും ഒരു മുന്നേറ്റവും ഉണ്ടാക്കാനാകാതെ അക്കൗണ്ട് തുറക്കാതെ നിഷ്പ്രഭമാവുകയായിരുന്നു കോൺഗ്രസ്. 2015ലും സമാനമായിരുന്നു സ്ഥിതി.

ബിജെപി പരാജയപ്പെട്ടതിന്റെ സന്തോഷം പങ്കുവെച്ച് നേതാക്കളിൽ പലരും ഈ തരത്തിൽ പ്രതികരണങ്ങളും നടത്തിക്കഴിഞ്ഞു. ബിജെപിയുടെ പരാജയം സന്തോഷം നൽകുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി പ്രതികരിച്ചു. ഡൽഹിയിൽ ആം ആദ്മി മികച്ച പ്രവർത്തനങ്ങളാണ് നടത്തിയത്. അതുകൊണ്ടുതന്നെ എഎപിയുടെ വിജയം കുറഞ്ഞ നിരാശ മാത്രമേ നൽകുന്നുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസിന് തിരിച്ചുവരാൻ ഇതിലും നല്ലൊരു സമയമില്ലെന്നായിരുന്നു കോൺഗ്രസ് നേതാവ് സഞ്ജയ് ഝായുടെ പ്രതികരണം. നേതൃത്വനിരയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, ചിത്രത്തിലേ ഇല്ലാതെ പോയ കോൺഗ്രസിനെ പരിഹസിക്കുകയാണ് സോഷ്യൽമീഡിയ ഉൾപ്പടെ.

Exit mobile version