പ്രസംഗത്തില്‍ പങ്കെടുക്കാന്‍ ആര്‍എസ്എസ് ക്ഷണിച്ചു; തൊട്ടുപിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് ഗോവ ആര്‍ച്ച് ബിഷപ്പ്

പനാജി: കേന്ദ്രസര്‍ക്കാരിന്റെ വിവാദപരമായ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഗോവ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നെറി ഫെറാവോ. സുരേഷ് ഭയ്യാജി ജോഷിയുടെ പ്രസംഗത്തില്‍ പങ്കെടുക്കാന്‍ ആര്‍എസ്എസ് ആര്‍ച്ച് ബിഷപ്പിനെ ക്ഷണിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മോഡി സര്‍ക്കാനെതിരെ അദ്ദേഹത്തിന്റെ രൂക്ഷ വിമര്‍ശനം. സിഎഎ, എന്‍ആര്‍സി, എന്‍പി.ആര്‍ എന്നിവ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഇന്ത്യക്കാരില്‍ വളരെയധികം ആശങ്കയും വേദനയും ഉണ്ടാക്കുന്നുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗോവ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നെറി ഫെറാവോ. പൗരത്വ ഭേദഗതി നിയമം ഉടന്‍ റദ്ദാക്കണമെന്നും എന്‍പിആറും എന്‍ആര്‍സിയും നിര്‍ത്തിവെക്കണമെന്നും ഗോവയിലെ കത്തോലിക്കാ സമൂഹത്തിന് വേണ്ടി ആവശ്യപ്പെടുന്നതായി ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

‘പൗരത്വ ഭേദഗതി നിയമം മതം അടിസ്ഥാനമാക്കിയുള്ളതാണ് . ഇത് രാജ്യത്തിന്റെ മതേതര അടിത്തറക്ക് വിരുദ്ധമാണ്. ഇത് നമ്മുടെ മണ്ണിന്റെ ആത്മാവിനും പൈതൃകത്തിനും വിരുദ്ധമാണ്. പണ്ടുമുതലേ, എല്ലാവരെയും സ്വാഗതം ചെയ്തിട്ടുള്ള ഒരു വീടായിരുന്നു ഇത്. ലോകം മുഴുവന്‍ ഒരു വലിയ കുടുംബമാണെന്ന വിശ്വാസത്തില്‍ നിന്ന് കൊട്ടിപ്പൊക്കിയതാണ് ഈ മണ്ണ്. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഇന്ത്യക്കാരില്‍ വളരെയധികം ആശങ്കയും വേദനയും ഉണ്ടാക്കുന്നുണ്ട്.” ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

”നിരാലംബരായ ദലിതര്‍, ആദിവാസികള്‍, കുടിയേറ്റ തൊഴിലാളികള്‍, നാടോടി സമൂഹങ്ങള്‍, ഇന്ത്യയില്‍ തന്നെ കഴിഞ്ഞ 70 വര്‍ഷത്തോളമായി താമസിക്കുന്ന രേഖകളില്ലാത്ത എണ്ണമറ്റ ദരിദ്രര്‍ എന്നിവരെ എന്‍ആര്‍സി, എന്‍പിആര്‍ നടപടികള്‍ നേരിട്ട് ബാധിക്കും. ഈ ആളുകളെല്ലാം ഒരു ദിവസം പെട്ടെന്നുതന്നെ രാജ്യമില്ലാത്തവരാകുമെന്നും തടങ്കല്‍ പാളയങ്ങളിലേക്ക് അയക്കപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും” ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.

Exit mobile version