ഡൽഹിയിൽ വോട്ട് രേഖപ്പെടുത്തി രാഹുൽ ഗാന്ധിയും മൻമോഹൻ സിങും; കെജരിവാൾ കുടുംബസമേതമെത്തി

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കൽ. കോൺഗ്രസ് മുൻ അധ്യക്ഷനും എംപിയുമായ രാഹുൽ ഗാന്ധിയും മുൻപ്രധാനമന്ത്രി മൻമോഹൻ സിങും വോട്ട് രേഖപ്പെടുത്തി. ന്യൂഡൽഹി മണ്ഡലം ഔറംഗസേബ് റോഡ് 81ാം പോളിംഗ് ബൂത്തിലെത്തിയാണ് രാഹുൽ ഗാന്ധി വോട്ട് രേഖപ്പെടുത്തിയത്.

പ്രധാന നേതാക്കളെല്ലാം രാവിലെ തന്നെ വിവിധ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. മൻമോഹൻ സിങ് ഭാര്യ ഗുർശരൺ സിങിനൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. ന്യൂഡൽഹി മണ്ഡലത്തിലെ നിർമാൺ ഭവനിലായിരുന്നു മൻമോഹൻ സിങിനും കുടുംബത്തിനും വോട്ട്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും കുടുംബസമേതമാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. കെജരിവാളിന്റെ മാതാപിതാക്കളും ഭാര്യയും മകനും വോട്ട് രേഖപ്പെടുത്താനെത്തി. കെജരിവാളിന്റെ മകന്റെത് കന്നി വോട്ടാണ്.

70 സീറ്റിലേക്കുള്ള വോട്ടെടുപ്പ് രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് നടക്കുന്നത്. 1.47 കോടി വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. അതിൽ 2.08ലക്ഷം പുതിയ വോട്ടർമാരാണ്.

മൃഗീയ ഭൂരിപക്ഷത്തിൽ കഴിഞ്ഞതവണ ഡൽഹി ആംആദ്മി പിടിച്ചെങ്കിലും ഇത്തവണ മത്സരം ഏകപക്ഷിയമൊന്നുമല്ല, അൽപ്പം കടുത്തതാണ്. ത്രികോണ മത്സരമാണ് ഡൽഹിയിൽ നടക്കുന്നത്. ആംആദ്മി പാർട്ടി ഭരണം നിലനിർത്താനായി പോരാടുമ്പോൾ ഡൽഹിയിൽ 20 വർഷങ്ങൾക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അതേസമയം 15 വർഷം ഡൽഹി ഭരിച്ച കോൺഗ്രസാകട്ടെ അഭിമാന പോരാട്ടമാണ് നടത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റ് നേടിയാണ് ആംആദ്മി പാർട്ടി അധികാരത്തിൽ എത്തിയത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ഹീൻ ബാഗിൽ ഉൾപ്പടെ ഏർപ്പെടുത്തിയിരിക്കുന്നത്.

Exit mobile version