നെഹ്‌റു, പാകിസ്താൻ എന്നൊക്കെ പറയുന്ന മോഡി, യഥാർത്ഥ പ്രശ്‌നങ്ങളെ കുറിച്ച് മിണ്ടില്ല; ശ്രദ്ധതിരിക്കാനുള്ള സ്ഥിരം നമ്പറാണത്: രാഹുൽ ഗാന്ധി

ന്യൂഡൽഹി: പാർലമെന്റിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. യഥാർത്ഥ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് മോഡി നെഹ്‌റുവിനെയും പാകിസ്താനെയും ഉപയോഗിക്കുന്നതെന്ന് രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘മോഡി കോൺഗ്രസിനെക്കുറിച്ചും ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ചും പാകിസ്താനെക്കുറിച്ചും പറഞ്ഞുകൊണ്ടേയിരിക്കും. പക്ഷെ യഥാർത്ഥ പ്രശ്‌നങ്ങളെക്കുറിച്ച് ഒന്നും മിണ്ടില്ല.രാജ്യം നേരിടുന്ന യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള മോഡിയുടെ രീതിയാണിത്.’ പാർലമെന്റിന് പുറത്തുവെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

തൊഴിലില്ലായ്മയാണ് ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും എന്നാൽ അതിനെപ്പറ്റി പ്രധാനമന്ത്രി ഒരു വാക്ക് പോലും പറഞ്ഞില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ധനകാര്യ മന്ത്രി നിർമ്മല സീതാരാമനും തന്റെ നീണ്ട പ്രസംഗത്തിൽ തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് നൽകിയ മറുപടി പ്രസംഗത്തിൽ കോൺഗ്രസിനെയും പ്രതിപക്ഷത്തെയും മോഡി കടന്നാക്രമിച്ചിരുന്നു. ആറ് മാസത്തിനുള്ളിൽ തന്നെ അടിക്കുമെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞിരുന്നുവെന്നും അടികൊള്ളാൻ തന്റെ ശരീരത്തെ തയ്യാറാക്കുകയാണ് താനെന്നും മോഡി പറഞ്ഞു.

Exit mobile version