കോണ്‍ഗ്രസിനോട് ഒരു കാര്യം ചോദിക്കട്ടെ..! നെഹ്‌റു വര്‍ഗീയവാദിയായിരുന്നോ?; മോഡി

ന്യൂഡല്‍ഹി: പണ്ഡിറ്റ് നെഹ്‌റു വര്‍ഗീയവാദിയായിരുന്നോ? എന്ന് താന്‍ കോണ്‍ഗ്രസിനോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാകിസ്താനിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് അനുകൂലമായ നിലപാടായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു സ്വീകരിച്ചിരുന്നതെന്നും മോഡി ലോക്‌സഭയില്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടിയാണ് മോഡി നെഹ്‌റുവിനെ കൂട്ടുപിടിച്ചത്. ഞാന്‍ കോണ്‍ഗ്രസിനോട് ചോദിക്കാന്‍ ആഗ്രഹിക്കുകയാണ് പണ്ഡിറ്റ് നെഹ്‌റു വര്‍ഗീയവാദിയായിരുന്നോ? അദ്ദേഹം ഹിന്ദുരാഷ്ട്രം ആവശ്യപ്പെട്ടിരുന്നോ- പ്രധാനമന്ത്രി ചോദിച്ചു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെയാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്. 1950ലെ നെഹ്‌റു-ലിയാഖത്ത് കരാര്‍ ഇന്ത്യയിലെയും പാകിസ്താനിലെയും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നെന്നും മതന്യൂനപക്ഷങ്ങളെ കുറിച്ച് ഈ കരാറില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും മോഡി പറഞ്ഞു.

ഒരു വലിയ ചിന്തകനായിരുന്ന നെഹ്‌റു എന്തുകൊണ്ടാണ് അവിടുത്തെ മുഴുവന്‍ ആളുകളെയും കരാറില്‍ ഉള്‍പ്പെടുത്തുന്നതിനു പകരം ന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്തിയത്? ഞങ്ങള്‍ ഇന്നു പറയുന്നത് നെഹ്‌റു അന്നു പറഞ്ഞതു തന്നെയായിരുന്നുവെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

Exit mobile version