വിജയ്‌യുടെ വീട്ടിൽ നിന്നും 65 കോടി ലഭിച്ചെന്ന് വാർത്ത; അല്ലെന്ന് തെളിവുകൾ നിരത്തി ആരാധകർ; പ്രതിഷേധം കനക്കുന്നു

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്‌യുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത 65 കോടി രൂപയെന്ന തരത്തിൽ ചിത്രങ്ങൾ ഉൾപ്പെടുത്തി പ്രചരിക്കുന്ന വാർത്തയ്ക്ക് എതിരെ ആരാധകർ. ദേശീയവാർത്താ ഏജൻസിയിലാണ് വിജയ്‌യുടെ വസതിയിൽ നിന്നും കണക്കിൽപെടാത്ത 65 കോടി പിടിച്ചെടുത്തതായി വാർത്ത വന്നത്. എന്നാൽ ഈ വാർത്ത വ്യാജമാണെന്നാണ് ആരാധകർ പ്രതികരിക്കുന്നത്.

വാർത്തയോടൊപ്പം വലിയ ബാഗുകളിൽ അടുക്കിവച്ചിരിക്കുന്ന പണത്തിന്റെ ചിത്രങ്ങളും നൽകിയിരുന്നു. എന്നാൽ ഈ തുക സിനിമാ നിർമ്മാണത്തിനു ഫണ്ട് നൽകുന്ന അൻപുചെഴിയന്റെ മധുരയിലെ ഓഫീസിൽ നിന്നും പിടിച്ചെടുത്തതാണെന്നാണ് ആരാധകർ തിരുത്തുന്നത്. താരത്തെ അപമാനിക്കാനായി ചിലർ മനപൂർവ്വം തന്ത്രങ്ങൾ മെനയുന്നതാണെന്നും ഇത് പകപോക്കലാണെന്നും വിജയ് ആരാധകർ പറയുന്നു.

സിനിമാ നിർമ്മാതാക്കളുടെയും രാഷ്ട്രീയക്കാരുടെയും ബിനാമി ഇടപാടുകാരനായ അൻപു ചെഴിയന്റെ ചെന്നൈയിലെ ഓഫിസിൽ നിന്ന് 50 കോടിയും മധുരയിൽ നിന്ന് 15 കോടിയും പിടിച്ചെടുത്തിട്ടുണ്ട്. ഈ ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്.

ബിഗിൽ നിർമാതാക്കളായ എജിഎസ് ഫിലിംസിന് സാമ്പത്തിക സഹായം നൽകിയതും വ്യവസായി അൻപു ചെഴിയനാണ്. ബിഗിൽ നിർമ്മാതാക്കളായ എജിഎസ് ഫിലിംസിന്റെ ഓഫിസിൽ നിന്ന് ഇന്നലെ 24 കോടി രൂപ പിടിച്ചെടുത്തിരുന്നു.

അതേസമയം നടൻ വിജയ്‌യുടെ വീട്ടിൽ ഇന്നലെ വൈകിട്ട് ആരംഭിച്ച നടപടികൾ ഇപ്പോഴും തുടരുകയാണ്. ചെന്നൈ നീലങ്കരയിലെ വീട്ടിലാണ് പരിശോധന.

Exit mobile version