ഭൂരിപക്ഷ സമുദായം ജാഗ്രത പാലിച്ചില്ലെങ്കില്‍ മുഗള്‍ ഭരണം വീണ്ടും വരും; മുന്നറിയിപ്പുമായി ബിജെപി യുവനേതാവ് തേജസ്വി സൂര്യ

ന്യൂഡല്‍ഹി: രാജ്യത്തെ ഭൂരിപക്ഷ സമുദായം ജാഗ്രത പാലിച്ചില്ലെങ്കില്‍ മുഗള്‍ ഭരണം വീണ്ടും വരുമെന്ന് കര്‍ണാടകയിലെ ബിജെപി യുവനേതാവ് തേജസ്വി സൂര്യ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രചാരണം നടത്തുന്ന പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയതായിരുന്നു യുവ ബിജെപി നേതാവ്. ബംഗളൂരു സൗത്ത് മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് തേജസ്വി സൂര്യ.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചക്കിടെയാണ് തേജസ്വി സൂര്യയുടെ വിവാദ പരാമര്‍ശം. ഡല്‍ഹിയിലെ ഷഹീന്‍ ബാഗ് സമരത്തിനെ പരോക്ഷമായി സൂചിപ്പിച്ച തേജസ്വി സൂര്യ രാജ്യത്തെ ഭൂരിപക്ഷ സമുദായം ജാഗ്രത പാലിച്ചില്ലെങ്കില്‍ മുഗള്‍ ഭരണം വീണ്ടും വരുമെന്ന് മുന്നറിയിപ്പ് നല്‍കി.

വിഭജനകാലം മുതല്‍ നിലനിന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് പൗരത്വ ഭേദഗതി നിയമം. ഭൂതകാലത്തിന്റെ മുറിവുകള്‍ക്ക് മുകളില്‍ പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ സാധിക്കില്ലെന്നും പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം എടുത്തുകളയുന്നതിന് വേണ്ടിയല്ലെന്നും തേജസ്വി സൂര്യ അവകാശപ്പെട്ടു.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലുള്ള പീഡനങ്ങള്‍ നേരിടുന്ന മത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്കുന്നതിന് വേണ്ടിയാണ് പൗരത്വ ഭേദഗതി നിയമമെന്നും തേജസ്വി സൂര്യ കൂട്ടിച്ചേര്‍ത്തു. അതേസമയം ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ രാജ്യദ്രോഹികളാണെന്ന് താന്‍ കരുതുന്നില്ലെന്നും എന്നാല്‍ പ്രതിപക്ഷം ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയും പ്രതിപക്ഷത്തിനെതിരെ രംഗത്ത് വന്നു.

Exit mobile version