ഗെയ്മിനാണെന്ന് പറഞ്ഞ് വിളിച്ച് വരുത്തി; അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ മുതല്‍ തോട്ടപ്പണിക്കാര്‍ വരെ പതിനൊന്നുവയസ്സുകാരിയെ പീഡിപ്പിച്ചു; മരണംവരെ തടവുശിക്ഷ വിധിച്ച് കോടതി

ചെന്നൈ: കേള്‍വിപ്രശ്‌നമുള്ള പെണ്‍കുട്ടിയെ ഏഴുമാസത്തോളം ലൈംഗികമായി പീഡിപ്പിച്ച അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ ജീവനക്കാര്‍ക്ക് മരണംവരെ തടവുശിക്ഷ വിധിച്ച് കോടതി. ചെന്നൈയിലാണ് സംഭവം. പതിനൊന്നുവയസ്സുകാരിയാണ് ക്രൂരപീഡനത്തിന് ഇരയായത്. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍, തോട്ടപ്പണിക്കാര്‍, ഇലക്ട്രീഷ്യന്‍മാര്‍ തുടങ്ങിയവരാണ് ശ്രവണസഹായിയില്ലാതെ കേള്‍ക്കാന്‍ സാധിക്കാത്ത കുട്ടിയെ പീഡിപ്പിച്ചത്.

2018 ജൂലായിലാണ് സംഭവം പുറത്തറിഞ്ഞത്. ഗെയിമിന് വേണ്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആളൊഴിഞ്ഞ ടെറസിലേക്കും ഇരുട്ടുപിടിച്ച ലിഫ്റ്റ് മുറിയിലേക്കും വിളിച്ചുകൊണ്ടുപോയായിരുന്നു ചെന്നൈ അയനാവരത്ത് അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ ജീവനക്കാര്‍ കുട്ടിയെ പീഡിപ്പിച്ചത്. ലിഫ്റ്റില്‍ ജീവനക്കാരന്‍ അനാവശ്യമായി കുട്ടിയെ സ്പര്‍ശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സഹോദരി ചോദ്യംചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ചെറിയപ്രായംമുതല്‍ കാണുന്നവരായതിനാല്‍ കുട്ടി വളരെ പെട്ടെന്ന് പ്രതികളുമായി ചങ്ങാത്തത്തിലായി. ഇവരില്‍ മിക്കവരും പത്തുവര്‍ഷത്തിലേറെയായി ഇവിടെ ജോലിചെയ്യുന്നവരായിരുന്നു. 56 വയസ്സുള്ള രവികുമാറാണ് പ്രധാന പ്രതി. ഗെയിമെന്നു പറഞ്ഞാണ് ആദ്യമായി ഇയാള്‍ തന്നെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നു കുട്ടി കോടതിയില്‍ പറഞ്ഞു. സ്‌കൂളില്‍നിന്നു തിരിച്ചെത്തിയതിനുശേഷം കുട്ടി കെട്ടിടവളപ്പില്‍ സൈക്കിളുമായി കളിക്കാനിറങ്ങുന്ന സമയത്തായിരുന്നു പീഡനം.

ആദ്യപീഡനത്തിനുശേഷം കുട്ടി പുറത്തുപറയുന്നുണ്ടോയെന്ന് നിരീക്ഷിച്ചശേഷം കുറച്ച് ദിവസങ്ങള്‍കഴിഞ്ഞ് വീണ്ടും പീഡിപ്പിക്കുകയായിരുന്നു. പ്രതികളായ ഒരോരുത്തരും പിന്നീട് ഇതേരീതിയില്‍ പീഡനം നടത്തുകയായിരുന്നു. തുടയിലും അടിവയറിലും വേദന തോന്നുന്നതായി കുട്ടി പറഞ്ഞിരുന്നെങ്കിലും അടുത്തിടെ ഋതുമതിയായതിന്റെ പ്രശ്‌നമായി വീട്ടുകാര്‍ കരുതി. സൈക്കിള്‍ ചവിട്ടി നടക്കുന്നതും ശരീരവേദനയ്ക്ക് കാരണമാണെന്ന് കരുതുകയായിരുന്നു.

കോടതിയുടെ മുന്നിലെത്തിയപ്പോഴും ഗെയിമെന്നാണ് കുട്ടി പറഞ്ഞത്. ജഡ്ജിയുടെ മുഖത്തുപോലും നോക്കാതെ മനസ്സു മരവിപ്പിക്കുന്ന ലൈംഗികപീഡനകഥ ബാലിക വിവരിക്കുകയായിരുന്നു.കുട്ടിയുടെ മൊഴിയും സാഹചര്യത്തെളിവുകളും പരിഗണിച്ച് നാലുപേര്‍ക്ക് മരണംവരെ തടവുശിക്ഷയടക്കം 15 പേര്‍ക്ക് ജയില്‍ശിക്ഷ തിങ്കളാഴ്ച പ്രത്യേക കോടതി വിധിച്ചു.

Exit mobile version