കെജ്രിവാള്‍ പാകിസ്താന്റെ കൂട്ടുകച്ചവടക്കാരന്‍, എഎപിക്ക് വോട്ട് ചെയ്യുന്നത് പാകിസ്താനെ സന്തോഷിപ്പിക്കും, അതുകൊണ്ട് ചെയ്യരുത്; യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി മേധാവി അരവിന്ദ് കെജ്‌രിവാളിന് ആരും വോട്ട് ചെയ്യരുതെന്നും അത് പാകിസ്താനെ മാത്രമെ സന്തോഷിപ്പിക്കൂവെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു യോഗി. ശുദ്ധമായ കുടിവെള്ളം നല്‍കുന്നതുപോലുള്ള പ്രധാന കാര്യങ്ങളെക്കുറിച്ച് കെജ്രിവാളിന് ആശങ്കയില്ലെന്നും യോഗി പറഞ്ഞു.

അരവിന്ദ് കെജ്രിവാള്‍ പാകിസ്താന്റെ കൂട്ടുകച്ചവടക്കാരനാണെന്നും യോഗി ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ രോഷം പ്രകടിപ്പിക്കാനുള്ള ഒരു ഒഴികഴിവ് മാത്രമാണെന്നും യോഗി പറഞ്ഞു.

”ആര്‍ട്ടിക്കിള്‍ 370 വിഷയത്തില്‍ അവരുടെ പങ്കാളിത്തം നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ആര്‍ട്ടിക്കിള്‍ 370 ല്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അതേ ശബ്ദത്തിലാണ് അരവിന്ദ് കെജ്രിവാള്‍ സംസാരിച്ചിരുന്നത്. നിങ്ങള്‍ അത് കേട്ടിട്ടുണ്ടാകും. ഇപ്പോള്‍ ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അരവിന്ദ് കെജ്രിവാളിന് അനുകൂലമായി സംസാരിക്കുന്നത് ആരൊക്കെയാണെന്ന് അറിയാമോ? ഇത് പാകിസ്താന്‍ മന്ത്രിമാരാണ്. ശഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക് കെജ്രിവാള്‍ ബിരിയാണി വിളമ്പുന്നുണ്ടെന്ന് അവര്‍ക്ക് അറിയാം.” യോഗി പറഞ്ഞു.

”ഇന്ത്യക്കാര്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് പാകിസ്താനാണോ തീരുമാനിക്കുന്നത്? കെജ്രിവാളിന് വോട്ട് ചെയ്യുന്നത് പാകിസ്താനെ സന്തോഷിപ്പിക്കുമെങ്കില്‍ അത് ചെയ്യണമോ എന്ന് മെഹ്റൗലിയില്‍ നടന്ന റാലിയില്‍ യോഗി ചോദിച്ചു. സാമൂഹ്യവിരുദ്ധ, ഇന്ത്യാ വിരുദ്ധരുടെ കൈകളിലെ കളിപ്പാട്ടമായി കെജ്രിവാള്‍ മാറിയെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version